സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയതിനെതിരെ ഇ.ഡി
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സന്ദീപ് നായരെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയതിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ശനിയാഴ്ച ഹരജി നൽകും. ഇ.ഡിയുടെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യാൻ അനുമതി നൽകുംമുമ്പ് തങ്ങളെ കേട്ടില്ലെന്ന് കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകുക.
ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ മാത്രമാണ് ഇയാൾ കസ്റ്റഡിയിലുള്ളതെന്നും ഇൗ സാഹചര്യത്തിൽ തങ്ങളെക്കൂടി കേൾക്കണമെന്നുമാണ് ആവശ്യപ്പെടുക.
സന്ദീപ് നായരെ പാർപ്പിച്ചിരിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിൽ സൂപ്രണ്ടിെൻറ സാന്നിധ്യത്തിൽ രണ്ടുദിവസം ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന ജഡ്ജി അനുമതി നൽകിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സന്ദീപിനെ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അഭിഭാഷകനായ ആർ. സുനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനായിരുന്നു അനുമതി. വ്യാജരേഖ ചമക്കുക, കളവായ മൊഴി ശേഖരിക്കുക, കളവായ മൊഴി നൽകാൻ ഭീഷണിപ്പെടുത്തുക, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരിക്കുന്നത്.
എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായരെ കഴിഞ്ഞ ദിവസം കോടതി മാപ്പുസാക്ഷിയാക്കുകയും ജാമ്യം നൽകുകയും ചെയ്തിരുന്നു.

