ഇ.ഡി നീക്കം: ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കും സി.പി.എമ്മിനും തിരിച്ചടി; എസ്.ഐ.ടി അന്വേഷണത്തിൽ പാളിച്ചയുണ്ടെന്ന് മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) നിയമപ്രകാരം കേസെടുത്ത ഇ.ഡി നടപടി പ്രതികൾക്കും സി.പി.എമ്മിനും വലിയ തിരിച്ചടി. വധശ്രമക്കേസിൽ പി.എം.എൽ.എ ചുമത്തുന്നത് ആദ്യമാണ്. സംഭവത്തിൽ എസ്.ഐ.ടി രൂപവൽകരിച്ച് അന്വേഷണം പുരോഗമിക്കവെയാണ് ഇ.ഡിയുടെ അസാധാരണ നീക്കം.
ഇതോടെ കേസിൽ പിടികൂടിയ 27 പ്രതികളെ മാത്രം ചേർത്ത് കുറ്റപത്രം സമർപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന എസ്.ഐ.ടിക്കും തിരിച്ചടിയായി. 300 ഓളം പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസ്. സംഭവവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും ഇ.ഡി കേസിലും പ്രതികളാക്കി. ഇത് കേസിന്റെ തുടർനടപടികളിലും നിർണായകമാകും. ഇ.ഡിയുടെ നീക്കം സി.പി.എമ്മിന് തിരിച്ചടിയാകുകയാണ്. മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവർക്കെതിരെ കുരുക്ക് മുറുക്കാൻ നീക്കം നടത്തുന്നതിനിടെയാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയും കള്ളപ്പണ ഇടപാട് സംശയവും പ്രകടിപ്പിച്ച് ഇ.ഡിയുടെ മറ്റൊരു നീക്കം. പിണറായി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നിലും കള്ളപ്പണ ഇടപാടുണ്ടോയെന്ന അന്വേഷണം. മാസപ്പടിയുമായി ഈ ആക്രമണക്കേസിനെയും ബന്ധപ്പെടുത്താനാണ് ഇ.ഡി നീക്കം. മാസപ്പടിക്കേസ് അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയുള്ള ആക്രമണമാണ് നടന്നതെന്ന സംശയവും ഇ.ഡി പ്രകടിപ്പിക്കുന്നുണ്ട്.
മാസപ്പടിക്കേസിൽ അന്വേഷണം നേരിടുന്നവരിൽനിന്ന് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പണമിടപാട് നടത്തിയിട്ടുണ്ടോയെന്നും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നുവോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. സി.പി.എം നേതാക്കളെയും ലക്ഷ്യമിട്ടാണ് ഇ.ഡിയുടെ ഈ നീക്കമെന്നും വ്യക്തം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രിമാരായ വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ സംസ്ഥാന നേതാക്കൾ ഇ.ഡി ആക്രമണം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്യുമെന്നൊക്കെ എസ്.ഐ.ടി വ്യക്തമാക്കിയിരുന്നെങ്കിലും നടന്നിരുന്നില്ല. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത ഇ.ഡി സംഭവസമയം സ്ഥലത്തുണ്ടായിരുന്ന നേതാക്കൾക്കെതിരെയും അന്വേഷണം നടത്തുമെന്ന നിലക്കാണ് കാര്യങ്ങൾ.
മേയ് 27ന് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള സ്വകാര്യ വസതിയിൽ റെയ്ഡ് നടത്തി കാറിൽ മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. പി.എം.എൽ.എ നിയമത്തിൽ വധശ്രമവും ഗൂഢാലോചനയും ഷെഡ്യൂൾ ഒഫൻസിൽ വരുന്ന കുറ്റകൃത്യങ്ങളാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആറിൽ പ്രതിചേർത്തവരെ ഇ.ഡിയും പ്രതികളാക്കിയത്. ഗൂഢാലോചനയിലേക്ക് എസ്.ഐ.ടി അന്വേഷണം നീളാത്തതിൽ ഇ.ഡിക്ക് അതൃപ്തിയുണ്ട്. ആ സാഹചര്യത്തിലാണ് ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കാൻ ഇ.ഡി തയാറായിട്ടുള്ളത്. വധശ്രമക്കേസ് പ്രതികൾ പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ചതിലും ഇ.ഡി കടുത്ത അതൃപ്തിയിലാണ്. അന്വേഷണസംഘവുമായി പ്രതികൾക്കുള്ള ബന്ധമാണ് ഇതിലൂടെ ഇ.ഡി. സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

