സാമ്പത്തിക ധവളപത്രം: ബോർഡ്-കോർപറേഷൻ ചെയർമാന്മാരെ നീക്കും; കടുത്ത പ്രതിസന്ധിയിലെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന തീരുമാനങ്ങളാണ് മുൻ സർക്കാർ കൈക്കൊണ്ടതെന്ന് ആരോപിച്ച മുഖ്യമന്ത്രി, മുൻ സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ ബോർഡ്, കോർപറേഷൻ ചെയർമാന്മാരെയും മാറ്റാൻ സർക്കാർ തീരുമാനിച്ചതായും അറിയിച്ചു. ധവളപത്രം അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപിച്ച പദ്ധതികൾക്കായി വകയിരുത്തിയ 35,000 കോടി രൂപയിൽ 15,000 കോടി രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്ലാൻ ഫണ്ടിൽ 20,500 കോടി രൂപയുടെ വലിയ കുറവാണുള്ളത്. ഫണ്ട് ലഭിക്കുമെന്ന അമിതവും തെറ്റായതുമായ കണക്കുകൂട്ടലിൽ പദ്ധതികൾ ആവിഷ്കരിച്ചതാണ് സംസ്ഥാനത്തെ ഈ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ട്രഷറി ബാലൻസ് കണക്കുകൾ പെരുപ്പിച്ചു കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുൻ സർക്കാർ ശ്രമിച്ചതെന്നും, ഇത് നിലവിലെ സർക്കാരിന് മേൽ വലിയ അധിക ബാധ്യതയാണ് അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ധനകാര്യ വകുപ്പിനെപ്പോലും അറിയിക്കാതെ പ്രവർത്തിക്കുന്ന പ്രത്യേക സാമ്രാജ്യമായി കിഫ്‌ബി മാറിയെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. വരുമാനം നൽകുന്ന ഒരൊറ്റ പദ്ധതി പോലും കിഫ്‌ബി വഴി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, പ്രാദേശിക സന്തുലിതാവസ്ഥ ഒട്ടും പരിഗണിക്കാതെ പണം ചെലവഴിച്ചതിലൂടെ വലിയ വികസന അസമത്വമാണ് സംസ്ഥാനത്ത് രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാനത്തിന്റെ കടം ജി.എസ്.ഡി.പിയുടെ 35 ശതമാനമാണെന്നും, വികസന ചെലവ് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, എ.ഡി.എം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്താനും, അദ്ദേഹത്തിന്റെ മകൾ നിരഞ്ജനക്ക് റവന്യൂ വകുപ്പിൽ ജോലി നൽകാൻ ശിപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

