'കൊച്ചിയെ കണ്ടുപഠിക്കൂ..!'; കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വാട്ടർ മെട്രോക്ക് 'കൈയടി'
text_fieldsന്യൂഡൽഹി: സുസ്ഥിര നഗര ഗതാഗതത്തിന്റെ മുൻനിര ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയെന്ന് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. ഹരിത സാങ്കേതികവിദ്യ, മൾട്ടിമോഡൽ സംയോജനം എന്നിവ സംയോജിപ്പിച്ചുകൊണ്ട്, നദീതീര, തീരദേശ നഗരങ്ങൾക്ക് ജലമാർഗങ്ങളെ കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗത ഇടനാഴികളാക്കി മാറ്റാൻ കഴിയുമെന്ന് കൊച്ചി വാട്ടർ മെട്രോ തെളിയിക്കുന്നു.
ഈ വിജയം 21 നഗരങ്ങളിൽ സമാന പദ്ധതികളെ കുറിച്ച് ആലോചിക്കാൻ പ്രചോദനമായി. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും റെയിൽ അധിഷ്ഠിത സംവിധാനങ്ങളെ അപേക്ഷിച്ച് വാട്ടർ മെട്രോയുടെ ചെലവ് കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അയോധ്യ, ഗോവ, ഗുവാഹത്തി, കൊൽക്കത്ത, പ്രയാഗ്‍രാജ്, പാറ്റ്ന, ശ്രീനഗർ, വാരണാസി, മുംബൈ, മംഗളൂരു, ഗാന്ധിനഗർ, അഹമ്മദാബാദ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലാണ് സാധ്യതാപഠനം നടക്കുന്നത്.
നിലവിലുള്ള ജലമാർഗങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ഭൂമി ഏറ്റെടുക്കലും ഉയർത്തിയ അടിസ്ഥാന സൗകര്യ ചെലവുകളും കുറക്കാൻ കഴിയും. 75 കിലോമീറ്റർ വാട്ടർ നെറ്റ്‌വർക്ക് സമാനമായ ഉയർത്തിയ മെട്രോ ഇടനാഴിയുടെ പത്തിലൊന്ന് ചെലവിൽ നിർമിക്കാം. പരിസ്ഥിതി സുസ്ഥിരതയാണ് മറ്റൊരു പ്രത്യേകത. പുക പുറന്തള്ളലും ശബ്ദ മലിനീകരണും കുറക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ദാരിദ്ര്യ നിർമാർജനത്തിന് സമഗ്രമായ പദ്ധതി നടപ്പാക്കിയതിലും കേരളത്തെ റിപ്പോർട്ടിൽ പ്രശംസിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരും ആശാ വർക്കർമാരും കുടുംബശ്രീ പ്രവർത്തകരും ഇതിൽ നിർണായക പങ്കുവഹിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

