സാമ്പത്തിക അവലോകന സർവേ സഭയിൽ വച്ചില്ല; സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷം, ആവർത്തിക്കരുതെന്ന് സ്പീക്കർ
text_fieldsതിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക അവലോകന സർവേ പുറത്തുവിടാത്തതിൽ സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷം. ബജറ്റിന് മുമ്പ് സാമ്പത്തിക അവലോകന സർവേ സമർപ്പിക്കാത്തത് നടപടി ക്രമങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്‍റെ പൊതു സാമ്പത്തിക സ്ഥിതി ബജറ്റിന് മുമ്പ് അറിയുന്നതിന് വേണ്ടിയാണ് സാമ്പത്തിക അവലോകന സർവേ പുറത്തുവിടുന്നത്. മുമ്പ് സാമ്പത്തിക അവലോകന സർവേ സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു.
2022ൽ സമാന സംഭവമുണ്ടായപ്പോൾ പോയിന്‍റ് ഓഫ് ഓർഡറിലൂടെ വിഷയം സഭയിൽ ഉന്നയിച്ചിരുന്നു. സാമ്പത്തിക അവലോകന സർവേ സമർപ്പിക്കാത്തത് കീഴ് വഴക്കമായി മാറ്റരുതെന്ന് അന്ന് ചെയർ റൂളിങ് നടത്തിയിരുന്നു. സാമ്പത്തിക അവലോകന സർവേ പുറത്തുവിടാതെ ബജറ്റ് അവതരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സാമ്പത്തിക അവലോകന സർവേയുടെ രേഖകൾ തയാറാക്കിയതാണെന്നും കാര്യോപദേശക സമിതിയുടെ തീരുമാന പ്രകാരമാണ് ആദ്യ ദിവസം ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചതെന്നും ധനമന്ത്രി സഭയിൽ വിശദീകരിച്ചു.
സാമ്പത്തിക അവലോകന സർവേ മുൻകൂട്ടി അംഗങ്ങൾക്ക് ലഭ്യമാക്കണമെന്ന് സ്പീക്കർ റൂളിങ് നടത്തി. ഭാവിയിൽ ഇതിനുള്ള ക്രമീകരണം നടത്തണമെന്നും എ.എൻ. ഷംസീർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

