സാമ്പത്തിക അടിയന്തരാവസ്ഥ: ഗവർണർക്ക് മറുപടി നവകേരള സദസ്സിനുശേഷം
text_fieldsതിരുവനന്തപുരം: സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ ഗവർണർക്കുള്ള മറുപടി നവകേരള സദസ്സിനുശേഷം നൽകിയാൽ മതിയെന്ന് ധാരണ. ധനവകുപ്പുമായി ചർച്ച നടത്തിയാകും ചീഫ് സെക്രട്ടറി മറുപടി നൽകുക. എല്ലാ വകുപ്പുകളില്‍നിന്നും ചീഫ് സെക്രട്ടറി വിശദാംശങ്ങള്‍ തേടും. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിയോട് ശിപാർശ ചെയ്യുന്നതിന് മുന്നോടിയായാണ് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 360 (1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കം. സംസ്ഥാന സർക്കാറിന്റെ ധനസ്ഥിതിയുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തര നടപടി ആവശ്യപ്പെട്ടുള്ള നിവേദനം ഗവർണർക്ക് ലഭിക്കുന്നത് ഇതാദ്യമായാണ്.
സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുകയാണെന്ന് കഴിഞ്ഞമാസം ഹൈകോടതിയിൽ സത്യവാങ്മൂലം നല്കിയ സര്‍ക്കാർ ഗവർണർക്ക് മറിച്ചൊരു മറുപടി നൽകാൻ ഇടയില്ല. അതേസമയം കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഞെരുക്കലുകൾ നിരത്തിയുള്ളതാകും ഗവർണർക്കുള്ള മറുപടിയെന്നാണ് വിവരം. ഹൈകോടതിയിലെ സർക്കാർ സത്യവാങ്മൂലം, 2020-21 വർഷത്തെ സി.എ.ജി ഓഡിറ്റ് റിപ്പോർട്ട് എന്നിവയിലെ പരാമർശങ്ങൾ ഉൾപ്പെടുത്തിയാണ് രാജ്ഭവന്റെ കത്ത്. സംസ്ഥാനത്തിന് അനുവദിച്ച വായ്പാപരിധി കഴിഞ്ഞതും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അത്യാവശ്യ സാധനങ്ങൾ നേരിട്ട് വാങ്ങിയ ഇനത്തിൽ സിവിൽ സപ്ലൈസ് കോർപറേഷന് 1000 കോടിയുടെയും ധാന്യങ്ങൾ സമാഹരിച്ച ഇനത്തിൽ 4000 കോടി രൂപയുടെയും ബാധ്യതയുണ്ട്. സർക്കാർ കരാറുകാർക്ക് നൽകാനുള്ളത് 16,000 കോടി. കോളജ് അധ്യാപകരുടെ 2018 മുതലുള്ള യു.ജി.സി ശമ്പള കുടിശ്ശികയും ഡി.എ ഇനത്തിലും 1500 കോടി രൂപ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

