ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നൂറാം ജന്മദിനം ഇന്ന്
text_fieldsകോഴിക്കോട്: ന്യൂനപക്ഷ രാഷ്ട്രീയത്തിൽ പോരാട്ട ചരിത്രം രചിച്ച ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 100ാം ജന്മദിനം വ്യാഴാഴ്ച. ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമെന്ന വിശേഷണം ജീവിതത്തിലുടനീളം പ്രാവർത്തികമാക്കിയ അദ്ദേഹത്തിന് പകരം വെക്കാൻ ദേശീയ രാഷ്ട്രീയത്തിൽ മറ്റൊരാളുണ്ടായിട്ടില്ല. മുസ്ലിം ലീഗിന്റെ ദേശീയ ശബ്ദമായിരുന്ന അദ്ദേഹം ലീഗ് വിട്ടതും ആദർശ രാഷ്ട്രീയത്തിന്റെ പേരിൽതന്നെ.
1922 നവംബർ മൂന്നിന് ബംഗളൂരുവിൽ വ്യാപാരിയായിരുന്ന മുഹമ്മദ് സുലൈമാന്റെയും സൈനബ് ബായ്യുടെയും മകനായാണ് സേട്ടിന്റെ ജനനം. മാതാവ് തലശ്ശേരി സ്വദേശിനിയായിരുന്നു എന്നതിൽ തുടങ്ങുന്നു സേട്ടുവിന്റെ മലയാളി ബന്ധം. കുട്ടിക്കാലം തലശ്ശേരിയിലാണ് ചെലവിട്ടത്. സർക്കാർ ജീവനക്കാരനായി രാഷ്ട്രീയ പ്രവർത്തനം സാധ്യമല്ലാത്തതിനാൽ ഉദ്യോഗം ഉപേക്ഷിച്ചു. 1949ൽ മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് അബ്ദുലത്തീഫ് സാബുവാനി സേട്ടിന്റെ പുത്രി മറിയം ബായുമായുള്ള വിവാഹത്തോടെയാണ് കേരളത്തിലേക്ക് ജീവിതം പറിച്ചുനട്ടത്.
അഞ്ചുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ടും കോൺഗ്രസിനോട് ഒട്ടിനിന്ന മുസ്ലിം ലീഗ് കേരള നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ലീഗിൽനിന്ന് പുറത്തുവന്ന സേട്ട്, '94 ഏപ്രിൽ 23ന് ഇന്ത്യൻ നാഷനൽ ലീഗിന് ബീജാവാപം നൽകി. 2005 ഏപ്രിൽ 27നായിരുന്നു സേട്ടിന്റെ അന്ത്യം. സേട്ടിന്റെ 100ാം ജന്മദിനമായ വ്യാഴാഴ്ച ഐ.എൻ.എൽ സംസ്ഥാനത്തുടനീളം സമർപ്പണ ദിനമായി ആചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

