എബോള വൈറസ് വ്യാപനം: പ്രതിരോധ മാർഗനിർദേശം പുറത്തിറക്കാൻ നിർദേശം നൽകി -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: എബോള വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ്. പ്രതിരോധ മാർഗനിർദേശം പുറത്തിറക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസിന്റെ വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയെന്നോണം ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവരെ നിരീക്ഷിക്കും. പനി, ക്ഷീണം, തലവേദന, പേശി വേദന രക്തസ്രാവം എന്നിവയാണ് എബോള വൈറസിന്റെ രോഗലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു മുതൽ 21 ദിവസം വരെ ഇൻക്യുബേഷൻ പീരിയഡാണ്. രോഗലക്ഷണമുള്ളവർ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശം നൽകി.
വിമാനത്താവളങ്ങളിൽ ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എബോള വൈറസിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കും. മറ്റു വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ജാഗ്രതപാലിക്കണമെന്നും നിർദേശം നൽകി.
വിദേശയാത്രക്കാരെ തെർമ്മൽ സ്ക്യാനിങ് നടത്താനും വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവക്ക് പുറമെ 21 ദിവസത്തെ ട്രാവൽഹിസ്റ്ററിയും പരിശോധിക്കും. കളമശ്ശേരി മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി, ആലുവയിലെ ജില്ല ആശുപത്രിയിൽ എന്നിവിടങ്ങളിൽ ഐസൊലേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

