കാസർകോട്ട് ഭൂമികുലുക്കം
text_fieldsകാഞ്ഞങ്ങാട്: ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ വ്യാപക ഭൂചലനം. ശനിയാഴ്ച പുലർച്ച 1.35നാണ് മിക്ക സ്ഥലങ്ങളിലും അസാധാരണ ശബ്ദത്തോടെ ഭൂചലനമുണ്ടായത്. രണ്ടു തവണയാണ് വിറയൽ അനുഭവപ്പെട്ടത്. പുലർച്ച 1.30ഓടെയാണ് ആദ്യം നേരിയ ചലനമുണ്ടായത്. രണ്ടാമത്തെ ചലനത്തിലാണ് അസാധാരണ ശബ്ദവും ശക്തമായ വിറയലും അനുഭവപ്പെട്ടത്. അഞ്ചു മുതൽ ആറു വരെ സെക്കൻഡ് രണ്ടാം ചലനം അനുഭവപ്പെട്ടതായാണ് പല ഭാഗങ്ങളിൽനിന്നുമുള്ള റിപ്പോർട്ട്. തായന്നൂരിൽ ഒരു വീടിന് വിള്ളൽ വീണിട്ടുണ്ട്. പരപ്പ ക്ലായിക്കോട്ടെ അമീറിന്റെ വീടിനോടു ചേർന്നുള്ള മുറ്റം വിണ്ടുകീറിയ നിലയിൽ കാണപ്പെട്ടു.
പല സ്ഥലങ്ങളിലും വീടുകളോടു ചേർന്നുള്ള ഇരുമ്പു മേൽക്കൂരകൾ ആടിയുലയുന്നതുപോലെ അനുഭവപ്പെട്ടു. ആളുകൾ ഉറങ്ങിക്കിടന്ന കട്ടിലുകൾ ഇളകി കുലുങ്ങിയത് വ്യക്തമായി മനസ്സിലായെന്ന് പ്രദേശവാസികൾ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകൾ ചകിതരായി. മടിക്കൈയിലും ചീമേനിയിലുമുൾപ്പെടെ ഭൂമി കുലുങ്ങിയതായി നേരംപുലർന്നപ്പോൾ മനസ്സിലായി. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ, കള്ളാർ, കോടോത്ത്, പരപ്പ, മാലോത്ത്, വെസ്റ്റ് എളേരി എന്നീ വില്ലേജ് പരിധികളിൽ പുലർച്ച 1.35ഓടെ നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടതായി ജില്ല ഭരണകൂടം അറിയിച്ചു. ഇവിടങ്ങളിൽ നാലു മുതൽ അഞ്ചു വരെ സെക്കൻഡ് അസാധാരണ ശബ്ദവും കേട്ടു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഹോസ്ദുർഗ് താലൂക്കിൽ ചീമേനി വില്ലേജിലെ അമ്മംകോട് ഭാഗത്തും മടിക്കൈ വില്ലേജിൽ ബങ്കളം പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടു.അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ജില്ലക്ക് ജാഗ്രത നിർദേശമോ പേടിക്കേണ്ട സാഹചര്യമോ ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
അറബിക്കടലിലും ചലനം നടന്നതായി സൂചനയുണ്ട്. കടലിൽ ഇതിന്റെ പ്രതിഫലനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തീരദേശ പൊലീസ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസ്വാഭാവികത ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, ഭൂകമ്പം മാപിനിയിൽ രേഖപ്പെടുത്തുന്ന തീവ്രത ഉണ്ടായില്ലെന്നാണ് പ്രാഥമികവിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

