ഇ20 പെട്രോൾ കാർഷിക ഉപകരണങ്ങൾക്ക് വിനയാകുന്നു; നിലയ്ക്കുന്ന യന്ത്രങ്ങളുമായി കർഷകരും നെട്ടോട്ടത്തിൽ
text_fieldsകേളകം: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയുള്ള (E20) ഇന്ധന വിതരണം വ്യാപകമായതോടെ കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പെട്രോൾ യന്ത്രങ്ങളും അടിയ്ക്കടി തകരാറിലാകുന്നതായി വ്യാപക പരാതി. കാട് തെളിക്കുന്ന ബ്രഷ് കട്ടറുകൾ, കീടനാശിനി തളിക്കുന്ന സ്പ്രേയിങ് മെഷീനുകൾ എന്നിവയുടെ കാർബറേറ്ററുകൾ തുടർച്ചയായി കേടാകുന്നത് സാധാരണക്കാരായ കർഷകർക്കും കൂലിത്തൊഴിലാളികൾക്കും കനത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
അറ്റകുറ്റപ്പണി നടത്തിയാലും ദിവസങ്ങൾക്കുള്ളിൽ കാർബറേറ്ററുകൾ വീണ്ടും തകരാറിലാകുന്നതിനാൽ ഇവ പൂർണമായി മാറ്റിസ്ഥാപിക്കേണ്ടി വരുന്നു. ദീർഘകാലം ഉപയോഗിക്കാതെ സൂക്ഷിച്ചുവെക്കുന്ന യന്ത്രങ്ങളുടെ ടാങ്കിലും കാർബറേറ്ററിലും ഇന്ധനം കെട്ടിക്കിടക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇ20 പെട്രോളിലെ ഉയർന്ന എഥനോൾ അംശം പഴയ യന്ത്രങ്ങളുടെ ഇന്ധന സംവിധാനങ്ങളെയും റബർ, പ്ലാസ്റ്റിക് ഘടകങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് സാങ്കേതിക ആശങ്കയെങ്കിലും, തകരാറുകൾക്ക് പിന്നിൽ ഈ ഇന്ധനമാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.
ഇന്ധനച്ചെലവിന് പുറമെ, ആവർത്തിച്ചുള്ള അറ്റകുറ്റപ്പണിക്കും പണം കണ്ടെത്തേണ്ട ഗതികേടിലാണ് മലയോര മേഖലയിലെ കർഷകരും തൊഴിലാളികളും.

