ഇ-വേ ബിൽ: വരുമാന ചോർച്ചയെന്ന്
text_fieldsതിരുവനന്തപുരം: നിർവഹണത്തിലെ അപാകതമൂലം ഇ-വേ ബിൽ സംവിധാനം വഴി വരുമാന ചോർച്ചയെന്ന് സി.എ.ജി റിപ്പോർട്ട്. രജിസ്ട്രേഷൻ റദ്ദാക്കിയതും റിട്ടേൺ സമർപ്പിക്കാത്തതുമായ നികുതിദായകരെ ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യാൻ അനുവദിച്ചതാണ് വരുമാന ചോർച്ചക്ക് കാരണമായത്. ഒരേ ഇൻവോയ്സ് നമ്പറിൽ ഒന്നിലധികം ഇ-വേബില്ലുകൾ ജനററേറ്റ് ചെയ്യുന്ന സ്ഥിതിയുണ്ടായി. ചരക്കുവാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കാനുള്ള നിർദേശം വകുപ്പ് ഉദ്യോഗസ്ഥർ പാലിച്ചില്ല.
കോമ്പോസിഷൻ നികുതിദായകരുടെ സംസ്ഥാനത്തിനകത്തും അന്തർസംസ്ഥാനതലത്തിലുമുള്ള ചരക്കുനീക്കം വേർതിരിച്ചറിയാൻ സിസ്റ്റത്തിന് കഴിഞ്ഞില്ല. ഇത് രണ്ട് സാഹചര്യങ്ങളിലും ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യുന്നതിന് കാരണമായി. ‘നിൽ’ റിട്ടേണുകൾ ഫയൽ ചെയ്ത നികുതിദായകർക്ക് തുടർന്നും ഇ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സിസ്റ്റം അനുവദിച്ചത് വരുമാനം ചോരുന്നതിന് വഴിയൊരുക്കി.
അരലക്ഷം രൂപക്ക് മുകളിൽ മൂല്യമുള്ള ചരക്കുകളുടെ അന്തർ സംസ്ഥാനതലത്തിലും സംസ്ഥാനത്തികത്തുമുള്ള നീക്കം പിന്തുടരുന്നതിന് കൊണ്ടുവന്ന ഇ-വേ ബിൽ 2018 ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളേയും നിയോഗിച്ചിരുന്നു.
പരിശോധനയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ തുടർ നപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നതിലും അനാസ്ഥയുണ്ടായി. ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട കേസുകൾ 2018-19ലെ 52.65 ശതമാനത്തിൽനിന്ന് 2021-22ൽ 59.23 ശതമാനമായി ഉയർന്നു. ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യാത്ത നികുതിദായകരെ തിരിച്ചറിയുന്നതിൽ വകുപ്പ് പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

