തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ്: തര്‍ക്കം തീര്‍ന്നില്ല; അഞ്ചാമതും നീട്ടി
text_fieldsതൃശൂര്‍: സംസ്ഥാനത്തെ സിനിമ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് നടപ്പാക്കാനുള്ള സമയം അഞ്ചാമതും നീട്ടി. സര്‍ക്കാറും തിയറ്റര്‍ ഉടമകളും തമ്മിലെ തര്‍ക്കം അവസാനിക്കാത്തതാണ് കാരണം. ഇ-ടിക്കറ്റിങ് ഏര്‍പ്പെടുത്തിയ തിയറ്ററുകളിലെ നികുതി വരുമാന ചോര്‍ച്ച അവസാനിച്ചത് തദ്ദേശ വകുപ്പ് ചൂണ്ടിക്കാട്ടുമ്പോള്‍ സാങ്കേതിക പ്രശ്നങ്ങളും ഗ്രാമീണ മേഖലയിലെ ‘സി’ ക്ളാസ് തിയറ്ററുകളില്‍ നടപ്പാക്കുന്നതിലെ തടസ്സങ്ങളുമാണ് ഉടമകള്‍ മുന്നോട്ടുവെക്കുന്നത്. തുടക്കം മുതലുള്ള തര്‍ക്കം പരിഹരിക്കാത്ത സാഹചര്യത്തില്‍ ജനുവരി 31 വരെയാണ് സമയം നീട്ടിയത്.
തിയറ്ററുകളില്‍നിന്ന് വിനോദ നികുതി പിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. പല തരത്തില്‍ വരുമാനം ചോരുന്നുവെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ഇ-ടിക്കറ്റിങ് തീരുമാനിച്ചത്. കഴിഞ്ഞ മേയ് മുതല്‍ നടപ്പാക്കാനായിരുന്നു ഉത്തരവ്. ഉടമകളുടെ രണ്ട് സംഘടനകളും സഹകരിക്കാന്‍ സന്നദ്ധമായെങ്കിലും നടപ്പാക്കുന്ന രീതിയെച്ചൊല്ലിയാണ് തര്‍ക്കം. പ്രേക്ഷകര്‍ക്ക് വീട്ടിലിരുന്ന് സീറ്റ് ഉറപ്പുവരുത്താമെന്നും ക്യൂ നില്‍ക്കേണ്ടതില്ളെന്നതുമാണ് അനുകൂല ഘടകം.
നിലവില്‍ ടിക്കറ്റുകള്‍ തിയറ്ററുകാര്‍ അച്ചടിച്ച് ബന്ധപ്പെട്ട പഞ്ചായത്തില്‍ സീല്‍ ചെയ്യുകയാണ്. വിനോദ നികുതി മുന്‍കൂര്‍ ഈടാക്കിയാണിത്. ഇതില്‍ ജീവനക്കാര്‍ കാണിക്കുന്ന ക്രമക്കേടുകള്‍ക്കു പുറമെ തിയറ്ററുകാരും വില തിരിമറി നടത്തുമെന്ന് തദ്ദേശ വൃത്തങ്ങള്‍ പറയുന്നു. ഒരേ നമ്പറില്‍ രണ്ട് സെറ്റ് ടിക്കറ്റടിക്കും. ഒന്ന് സീല്‍ ചെയ്യും. സീല്‍ ചെയ്യാത്തതും ഇടകലര്‍ത്തി നല്‍കുന്നതിലൂടെ നികുതി വെട്ടിക്കാനാകും. ഇ-ടിക്കറ്റിങ്ങിലൂടെ ഇത് തടയാം. കൊച്ചി കോര്‍പറേഷനിലെ മള്‍ട്ടിപ്ളക്സുകളിലും തൃശൂര്‍ ശോഭ സിറ്റിയിലെ മള്‍ട്ടിപ്ളക്സിലും ഇത് തെളിഞ്ഞിട്ടുണ്ടെന്നും തദ്ദേശ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, പല കാര്യങ്ങളും അപ്രായോഗികമാണെന്ന വാദത്തില്‍ ഉടമകള്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ നല്‍കുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിക്കണമെന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ അയഞ്ഞിട്ടുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല. ഇ-ടിക്കറ്റിങ്ങിനൊപ്പം മാന്വല്‍ ടിക്കറ്റും നിലനിര്‍ത്തുന്നതാണ് അടുത്ത പ്രശ്നം. ജോലി ഇരട്ടിപ്പാണ് ഇതിലൂടെ സംഭവിക്കുന്നത്. അര മണിക്കൂറില്‍ വന്നുചേരുന്ന ജനക്കൂട്ടമാണ് തിയറ്ററുകളിലേത്. അവരെ രണ്ടു മൂന്നും ടിക്കറ്റിങ് സംവിധാനത്തില്‍ തടഞ്ഞിടുന്നത് നടത്തിപ്പിനെ ബാധിക്കും.
തിയറ്ററുകാര്‍ വെക്കുന്ന സോഫ്റ്റ്വെയര്‍ പഞ്ചായത്തുമായി ബന്ധിപ്പിച്ചാല്‍ മതിയെന്നാണ് തങ്ങളുടെ വാദമെന്ന് സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സിംല ജേക്കബ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
