Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൂട്ട നിയമനം: ജയരാജനെതിരെ ആരോപണ പെരുമഴ
cancel

കോഴിക്കോട്: അഴിമതി സ്വജനപക്ഷപാത വിവാദങ്ങളില്‍ മൂക്കറ്റം മുങ്ങിയ വ്യവസായ മന്ത്രി ഇ.പി. ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിട്ടതോടെ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുടെ കുത്തൊഴുക്ക്. ബന്ധുക്കള്‍ക്കു കൂട്ടത്തോടെ ഉദ്യോഗ നിയമനം നല്‍കിയതിനു പുറമെ , പൊതുമേഖലാ കമ്പനികളില്‍ വ്യാപകമായി കോഴ വാങ്ങി എം.ഡിമാരെ നിയമിച്ചെന്ന ആക്ഷേപവും ശക്തിപ്പെട്ടു.

എം.ഡി നിയമനത്തിനു റിയാബ്  ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു അഭിമുഖം നടത്തി ഷോര്‍ട്  ലിസ്റ്റ് തയാറാക്കിയിരുന്നുവെങ്കിലും അതു പരിഗണിക്കാതെ ഒരു ഡസനോളം കമ്പനികളില്‍ പിന്‍വാതില്‍ നിയമനമാണ് നടത്തിയത്. കെ.എം.എം.എല്‍, മലബാര്‍ സിമന്‍റ്സ്, ടി.സി.സി തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളിലെ  നിയമനമാണ് ഇവ്വിധത്തില്‍ നടന്നത്. മന്ത്രിയുടെ അടുത്ത രണ്ടു ബന്ധുക്കളും ദേശാഭിമാനിയില്‍നിന്നു പുറത്താക്കപ്പെട്ട ആളും അടങ്ങിയ സംഘം ജയരാജന്‍െറ വകുപ്പുകളുടെ മൊത്തം ഭരണം ഏറ്റെടുത്ത സ്ഥിതിയായിരുന്നു.

വ്യവസായത്തില്‍ മാത്രമല്ല, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലും കായികവകുപ്പിലും അവര്‍ ഇടപെടല്‍ നടത്തി. പൊതുമേഖലയില്‍  നിലവില്‍ എം.ഡിമാരായി ഇരിക്കുന്നവരോട് സ്ഥാനത്തു തുടരാന്‍ വന്‍തുക കോഴ വാങ്ങിയതായാണ് വിവരം. വലിയ ബിസിനസ് സാധ്യതയുള്ള കമ്പനികളില്‍ നിയമനം ലഭിച്ച  എം.ഡിമാര്‍ ഭാവിയില്‍ വരുന്ന എല്ലാ പ്രോജക്ടുകളും കരാറുകളും ഈ സംഘവുമായി ആലോചിച്ചേ ചെയ്യാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥ. എളുപ്പത്തില്‍ കോടികള്‍ അടിച്ചുമാറ്റാന്‍ പാകത്തില്‍ ഒരു പഞ്ചവത്സര പദ്ധതിയാണ് മൂവര്‍ സംഘം ആസൂത്രണം ചെയ്തത് . ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നാലു വര്‍ഷം പിന്നിട്ടപ്പോഴാണ് അഴിമതിയില്‍ മുങ്ങിയതെങ്കില്‍ ജയരാജന്‍ നാലുമാസം പോലും കാത്തിരുന്നില്ല.

പിണറായി വിജയന്‍െറ അടുത്ത ആള്‍ എന്ന ഖ്യാതിയാണ് ജയരാജനെക്കുറിച്ചു പരാതിപറയുന്നതില്‍നിന്ന് പാര്‍ട്ടിക്കാരെ പിന്തിരിപ്പിച്ചത്. എന്നാല്‍, പിണറായി കൈവിട്ടതോടെ ജയരാജന്‍ ദേശാഭിമാനിയില്‍ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ച കാലയളവിലെ അഴിമതികള്‍ അടക്കം പുറത്തുവന്നു തുടങ്ങി. മന്ത്രിയാകാന്‍വേണ്ടി ജനറല്‍ മാനേജര്‍ സ്ഥാനം രാജിവെക്കുന്നതിനു തൊട്ടുമുമ്പ് എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ ഫയലുകള്‍ കൊണ്ടുപോയി തനിക്കു വേണ്ടപ്പെട്ടവര്‍ക്കൊക്കെ ജയരാജന്‍ സ്ഥാനക്കയറ്റം നല്‍കിയതായി ആക്ഷേപമുണ്ട്.

അഴിമതിവിരുദ്ധ പ്രതിച്ഛായയില്‍ അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാറിനെയും പാര്‍ട്ടിയെയും  മന്ത്രിസഭയില്‍ രണ്ടാമനായി കരുതപ്പെടുന്ന ആള്‍ വഞ്ചിച്ചെന്ന പ്രതീതിയാണ് പൊതുവില്‍ പാര്‍ട്ടിയിലുള്ളത്. പാര്‍ട്ടിയില്‍ ഒരാള്‍പോലും ജയരാജനെ ന്യായീകരിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല എന്നതു വ്യക്തമായ സൂചനയാണ്.

ജയരാജനെതിരെ അഴിമതിയും സ്വജനപക്ഷപാതവും

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി ഇ.പി. ജയരാജനെതിരെ അഴിമതി ആരോപണവും സ്വജനപക്ഷപാതവും. 1988ലെ അഴിമതി നിരോധ നിയമത്തിലെ 13(1)ഡി (iii) വകുപ്പുകള്‍ പ്രകാരം  പണം കൈപ്പറ്റിയിട്ടില്ളെങ്കിലും അധികാര ദുര്‍വിനിയോഗത്തിലൂടെ സ്വജനപക്ഷപാതം കാണിക്കുന്നതും അഴിമതിയുടെ പരിധിയില്‍ വരുമെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ യോഗത്തില്‍ അറിയിച്ചു.

നിയമനങ്ങള്‍ റദ്ദാക്കിയെങ്കിലും അഴിമതി ഇല്ലാതാകുന്നില്ളെന്നും അഭിപ്രായമുയര്‍ന്നു. ഭരണഘടനാതത്ത്വങ്ങള്‍ക്കും സത്യപ്രതിജ്ഞക്കും വിരുദ്ധമായ രീതിയില്‍ ജയരാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും അതുവഴി അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധിക്കും. നിയമനങ്ങള്‍ നടത്തി വേഗം ഉത്തരവിറക്കാന്‍ വ്യവസായവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിക്ക് മന്ത്രി നേരിട്ട് കുറിപ്പും നല്‍കുകയായിരുന്നെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിലെ 43 പൊതുമേഖലാസ്ഥാപനങ്ങളിലെ എം.ഡി നിയമനങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം.

സര്‍ക്കാറിന്‍െറ ബിസിനസ് റൂള്‍ 24ാം ചട്ടപ്രകാരം സ്വന്തം താല്‍പര്യം ഉള്‍പ്പെടുന്ന ഒരു ഫയലിലും മന്ത്രി നേരിട്ട് തീരുമാനമെടുത്തുകൂടാ. അതിന് മുഖ്യമന്ത്രിയുടെ അനുമതി വേണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിയമിക്കുമ്പോള്‍ ആ ഫയല്‍ മുഖ്യമന്ത്രി കാണണമെന്നാണ് കീഴ്വഴക്കം. സര്‍വിസിലെ ഉദ്യോഗസ്ഥനെയാണ് നിയമിക്കുന്നതെങ്കില്‍ വകുപ്പ് മന്ത്രി കൈമാറുന്ന ഫയല്‍ മുഖ്യമന്ത്രി വിജിലന്‍സ് ക്ളിയറന്‍സിന് വിടും. വിജിലന്‍സ് ക്ളിയറന്‍സ് ലഭിച്ചാലുടന്‍ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ഉത്തരവ് ഇറങ്ങും.

പുറത്തുനിന്നുള്ള വ്യക്തിയെയാണ് നിയമിക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ സമ്മതവും അറിവും വേണം. എന്നാല്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എം.ഡിയായി സുധീര്‍ നമ്പ്യാരുടേതടക്കം ഒട്ടുമുക്കാല്‍ നിയമനങ്ങളും മന്ത്രി നേരിട്ട് നടത്തുകയായിരുന്നെന്നാണ് വിജിലന്‍സിന് കിട്ടിയ വിവരം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP Jayarajan
News Summary - e p jayarajan
Next Story