ഇ-നിയമസഭ പദ്ധതി; സംയോജനത്തിൽ ഊരാളുങ്കലിന്റെ സോഫ്റ്റ്വെയർ പാളി
text_fieldsതിരുവനന്തപുരം: അഞ്ചുവർഷം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി പണിത് എങ്ങുമെത്താതെ പോയ ഇ-നിയമസഭ പദ്ധതിക്കായി വികസിപ്പിച്ച സോഫ്റ്റ്വെയർ സംയോജനത്തിൽ പാളിയതോടെ പാഴ്വേലയായി മാറും.
18.46 കോടി രൂപ മുടക്കിയുള്ള പദ്ധതി ലക്ഷ്യം കാണാതെപോയതോടെ സോഫ്റ്റ്വെയറുകൾ പൂർണമായി പരിഷ്കരിച്ചുള്ള ഏകീകരണമാണ് ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഒരു വർഷമെടുത്ത് തയാറാക്കിയ പുതിയ സോഫ്റ്റ്വെയർ അധിഷ്ഠിത പ്ലാറ്റ്ഫോം ഈ മാസം അവസാനത്തിൽ പ്രവർത്തനസജ്ജമാകുന്നതോടൈ അഞ്ച് വർഷത്തെ ഊരാളുങ്കലിന്റെ പ്രവർത്തനം പാഴ്വേലയാകും.
പദ്ധതിക്കായി ഊരാളുങ്കൽ വിവിധ മൊഡ്യൂളുകൾ തയാറാക്കുകയും ഇവ പല സെക്ഷനുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇവയുടെ സംയോജനത്തിലാണ് (ഇന്റഗ്രേഷൻ) ഊരാളുങ്കൽ ടീം പരാജയപ്പെട്ടത്. വിവിധ സെക്ഷനുകൾ തമ്മിലും പദ്ധതിക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങളും ബന്ധിതമായി പ്രവർത്തിപ്പിക്കാൻ കഴിയാത്ത രീതിയിലാണ് സോഫ്റ്റ്വെയർ വികസിപ്പിച്ചത്.
ഇതോടെയാണ് സമ്പൂർണ ഇ-നിയമസഭ പദ്ധതി പാളിയത്. 2019 മാർച്ച് 30നാണ് പദ്ധതിക്കായി ഊരാളുങ്കൽ കരാറിൽ ഒപ്പിട്ടത്. കരാർ പ്രകാരം 15 മാസം കൊണ്ട് (2020 ജൂൺ 30) പദ്ധതി പൂർത്തിയാക്കണം. എന്നാൽ, തുടക്കം മുതൽ പാളിയ പദ്ധതിയുടെ പൂർത്തീകരണത്തിനായി 11 തവണയാണ് കരാർ കാലാവധി നീട്ടി നൽകിയത്. പദ്ധതിയുടെ ഇന്റഗ്രേഷൻ പാളിയതോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാക്കിയ കെ-സ്മാർട്ട് പദ്ധതി നടപ്പാക്കി മികവ് തെളിയിച്ച ഐ.കെ.എം ടീമിന്റെ സഹായം തേടാൻ തീരുമാനിച്ചത്.
ഊരാളുങ്കൽ ടീം തയാറാക്കിയ മൊഡ്യൂളുകൾ ഉപയോഗിച്ച് പദ്ധതിയുടെ സംയോജനം സാധ്യമല്ലെന്ന് മനസ്സിലായതോടെയാണ് പുതിയ സോഫ്റ്റ്വെയർ തയാറാക്കാൻ ഐ.കെ.എം ടീമിന്റെ പ്രവർത്തനം 2024 ജൂലൈയിൽ തുടങ്ങിയത്. 2025 ആഗസ്റ്റ് അവസാനത്തോടെ ഇത് പൂർത്തിയാകുമെന്നാണ് വിവരം. നിയമസഭ സാമാജികർക്കുള്ള ആപ്പ് ഉൾപ്പെടെ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഊരാളുങ്കലിനെ ഏൽപിച്ച പദ്ധതി പാളിയതോടെ പുതിയ ടീമിനെ ഉപയോഗിച്ചാണ് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. ഇതിനായി ഇന്റർവ്യൂവിലൂടെ കണ്ടെത്തിയ 54 സോഫ്റ്റ്വെയർ വിദഗ്ധർ ഉൾപ്പെടെയുള്ള ജീവനക്കാർക്കുള്ള വേതനം കരാർ പ്രകാരം ഊരാളുങ്കൽ തന്നെയാണ് നൽകുന്നത്.
ഇതിന് പുറമെ നിയമസഭ സെക്രട്ടേറിയറ്റിലെ സെക്ഷൻ ഓഫിസർ മുതൽ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള എട്ട് ഉദ്യോഗസ്ഥരെ മറ്റ് ചുമതലകളിൽനിന്ന് ഒഴിവാക്കി പദ്ധതി നിർവഹണത്തിനായി വിട്ടുനൽകിയിരിക്കുകയാണ്. വൻ തുക പ്രതിഫലം നൽകി സോഫ്റ്റ്വെയർ വിദഗ്ധരെ ഇറക്കി അഞ്ച് വർഷത്തോളം പണിതിട്ടും ഊരാളുങ്കലിന് പദ്ധതി ലക്ഷ്യത്തിലെത്തിക്കാനായില്ല.
പരിഷ്കരിച്ച സോഫ്റ്റ്വെയറിൽ പുതിയ മൊഡ്യൂൾ തയാറാകുന്നതോടെ അഞ്ച് വർഷം കൊണ്ട് തയാറാക്കിയവ പുറംതള്ളപ്പെടും. പദ്ധതി പൂർത്തീകരിച്ച ശേഷമേ കരാർ തുക അനുവദിക്കാവൂ എന്ന വ്യവസ്ഥക്ക് വിരുദ്ധമായാണ് 30 ശതമാനം തുക മുൻകൂറായി ഊരാളുങ്കലിന് നൽകിയത്. ഈ നടപടി ഇതുവരെ ക്രമവത്കരിച്ചിട്ടുമില്ല.
നിയമസഭ സെക്രട്ടേറിയറ്റ്, എം.എല്.എ ഹോസ്റ്റൽ, അനുബന്ധ ഓഫിസുകൾ എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയർ വർക്കും ഹാർഡ് വെയർ ഡെലിവറി, ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്ചർ വർക്കും പൂർത്തികരിക്കുന്നതിനാണ് കരാർ നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

