വിവാദക്കുരുക്കിൽ ഇ-നിയമസഭ; ക്രമക്കേടുകളിൽ ചോദ്യമുയരുന്നു
text_fieldsകേരള നിയമസഭ
തിരുവനന്തപുരം: ക്രമക്കേടടക്കം ആരോപണങ്ങൾ ഉയർന്നതോടെ ഇ-നിയമസഭ പദ്ധതി വിവാദക്കുരുക്കിൽ. ആരോപണങ്ങൾ നിഷേധിച്ച് നിയമസഭ സെക്രട്ടേറിയറ്റ് രംഗത്തുവന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയാകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.
പദ്ധതി പൂർത്തീകരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്ക് ആറ് വർഷത്തിനിടെ 11 തവണ കരാർ കാലാവധി നീട്ടിനൽകി. സോഫ്റ്റ്വെയറായി ഊരാളുങ്കൽ വികസിപ്പിച്ച 42 മൊഡ്യൂളുകളും ഉപയോഗക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭ സെക്രട്ടേറിയറ്റ് തിരിച്ചയച്ചതാണ്.
ഇതിൽ സഭ നടപടിക്രമങ്ങൾക്കുള്ള എട്ട് ഇൻഹൗസ് മൊഡ്യൂളുകൾ മാത്രം ഉപയോഗക്ഷമമാക്കി പദ്ധതി അവസാനിപ്പിക്കാനാണ് നീക്കമെന്ന് ആരോപണമുണ്ട്. പദ്ധതി വീണ്ടും നീട്ടാൻ ശ്രമം നടക്കുന്നതായും പറയപ്പെടുന്നു.
2019ല്‍ ടെന്‍ഡര്‍ ഒഴിവാക്കിയാണ് 52.31 കോടി രൂപക്ക് കരാര്‍ നല്‍കിയത്. കമ്പ്യൂട്ടർ ഉള്‍പ്പെടെ ഹാർഡ്വെയർ ഉപകരണങ്ങള്‍ക്ക് 33.84 കോടിയും സോഫ്റ്റ്വെയറിന് 18.46 കോടി രൂപയുമായിരുന്നു ഊരാളുങ്കൽ ആവശ്യപ്പെട്ടത്. പദ്ധതി നിർവഹണം ഇഴഞ്ഞുനീങ്ങിയെന്ന് മാത്രമല്ല, സോഫ്റ്റ്വെയറുകള് അപൂര്‍ണമാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. ഊരാളുങ്കല്‍ ബില്ല് നല്കുന്ന മുറക്ക് പ്രതിഫലം കൈമാറണമെന്നായിരുന്നു കരാറെങ്കിലും 2019ല്‍ ബില്‍ നല്‍കാതെ 30 ശതമാനം തുക മുന്‍കൂറായി നല്‍കിയത് ക്രമവിരുദ്ധമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് പലപ്പോഴായി 29 കോടി രൂപയും കൈപ്പറ്റി. പദ്ധതി നീളുന്നതിനിടെ ഉപയോഗിച്ചുതുടങ്ങാത്ത ഐ.ടി ഉപകരണങ്ങളുടെ വാറണ്ടി കാലാവധി അവസാനിച്ചു. ഇവയുടെ അറ്റകുറ്റപ്പണിക്ക് അനുബന്ധ കരാര്‍ നല്‍കാനുള്ള നടപടിയും പുരോഗമിക്കുന്നു.
കരാര്‍ അനുസരിച്ചുള്ള തുക മാത്രമാണ് നല്‍കിയതെന്നും മുന്‍കൂർ പണം അനുവദിച്ചത് ക്രമീകരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് അധികൃതർ കഴിഞ്ഞദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഇതുതന്നെ കരാറിന് വിരുദ്ധമായി ഊരാളുങ്കലിന് പണം കൈമാറിയെന്ന ആരോപണം ശരിവെക്കുന്നതാണ്.
നിയമസഭയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മറ്റു സോഫ്റ്റ് വെയറുകൾ അടിയന്തരമായി പൂർത്തികരിക്കാൻ ഐ.കെ.എം ഡെപ്യൂട്ടി ഡയറക്ടർക്ക് അധിക ചുമതല നൽകിയെന്നുമാണ് ഔദ്യോഗിക വിശദീകരണം. പദ്ധതിക്കായി ലഭ്യമാക്കിയ ഹാർഡ് വെയറുകളുടെ വാറണ്ടി അവസാനിച്ചിട്ടില്ലെന്നും അധികൃതർ വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

