അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന വടകര ഡി.വൈ.എസ്.പി എ. ഉമേഷിനെ സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്‍ന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചതെന്നാണ് വിശദീകരണം.
ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലൂടെയാണ് ഉമേഷിനെതിരായ പീഡനാരോപണം പുറത്തുവന്നത്. പിന്നാലെ അദ്ദേഹം മെഡിക്കൽ അവധിയില്‍ പ്രവേശിച്ചു. 2014ൽ വടക്കഞ്ചേരി ഇന്‍സ്‌പെക്ടറായിരിക്കെ പെണ്‍വാണിഭക്കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്തുവെന്നാണ് ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലുള്ളത്. അന്ന് ഉമേഷിന് കീഴില്‍ എസ്.ഐയായിരുന്നു ബിനു തോമസ്. ഈ സ്ത്രീയുടെ കാര്യം പറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
പാലക്കാട് എസ്.പി സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കുന്നതായിരുന്നു മൊഴി. 2014ൽ വടക്കഞ്ചേരിയിൽ എസ്.ഐ ആയിരുന്ന ബിനു തോമസ് തന്നെ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയക്കുകയും ചെയ്തുവെന്നും തുടർന്ന് സി.ഐ എ. ഉമേഷും ബിനു തോമസും തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമാണ് മൊഴി. ഉമേഷിനെതിരെ കൈക്കൂലി ആരോപണവുമുണ്ട്.
ഡി.ജി.പിക്ക് ലഭിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിയെടുക്കുന്നതുവരെ സസ്‌പെൻഡ് ചെയ്യാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. കോഴിക്കോട് മെഡി. കോളജ് അസി. കമീഷണറായിരുന്ന ഉമേഷിനെ അടുത്തിടെയാണ് വടകരയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

