പ്രതിയുടെ തുണിയഴിച്ച് ചൊറിയണം തേച്ച് മർദിച്ചു; ഡി.വൈ.എസ്.പിക്ക് ഒരു മാസം തടവ്
text_fieldsചേർത്തല: അറസ്റ്റ് ചെയ്തയാളെ പൊലീസ് ജീപ്പിൽവെച്ച് തുണിയഴിച്ച് ചൊറിയണം തേക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിന് ഒരു മാസം തടവും 1000 രൂപ പിഴയും ശിക്ഷ. ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (1)ൽ ഷെറിൻ കെ. ജോർജ് ആണ് ശിക്ഷ വിധിച്ചത്.
2006 ആഗസ്റ്റ് അഞ്ചിന് പള്ളിപ്പുറം നികർത്തിൽ സിദ്ധാർഥനെ (75) മർദിച്ച സംഭവത്തിലാണ് 18 വർഷത്തിനുശേഷം ശിക്ഷ വിധിച്ചിരിക്കുന്നത്. മധുബാബു അന്ന് ചേർത്തല എസ്.ഐ ആയിരുന്നു. തൈക്കാട്ടുശ്ശേരി മണപ്പുറത്തെ ചകിരിമില്ലിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമ മരോട്ടിക്കൽ ഷാജിയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു.
ഇതിന് പിന്നാലെ സ്ഥലത്തെത്തിയ മധുബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്ത് ജീപ്പിൽവെച്ച് മർദിച്ചെന്നാണ് കേസ്. മർദനത്തിൽ സിദ്ധാർഥന്റെ ഇടതു ചെവിയുടെ കർണപുടം പൊട്ടി. മധുബാബുവിനെക്കൂടാതെ സർവിസിൽ നിന്ന് വിരമിച്ച അന്നത്തെ എ.എസ്.ഐ മോഹനനെയും ശിക്ഷിച്ചു.
മധുബാബുവിനായി മുൻ ഡിവൈ.എസ്പിമാരടക്കം 36 സാക്ഷികളെയും സിദ്ധാർഥനുവേണ്ടി ചേർത്തല താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടർമാരടക്കം ഏഴുപേരെയും വിസ്തരിച്ചു. വിധിക്കെതിരെ അപ്പീൽ നൽകിയ മധുബാബു ജാമ്യം നേടി. സിദ്ധാർഥനുവേണ്ടി അഡ്വ. ജെറീന ജൂഡ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

