ഐ.ടി മേഖലയിലെ പീഡനം: ഡി.വൈ.എഫ്.ഐ ദേശീയ പ്രക്ഷോഭത്തിന്
text_fieldsകോഴിക്കോട്: ഐ.ടി മേഖലയിലെ പീഡനം അവസാനിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ ദേശീയ കാമ്പയിന്‍ നടത്തും. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഐ.ടി മേഖലയില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. യുവതികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന വിവേചനങ്ങളിലും സുരക്ഷ പ്രശ്നങ്ങളിലും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 22ന് രാജ്യത്ത് പ്രധാന നഗരങ്ങളില്‍നിന്ന് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
പുണെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട രസില രാജുവിന്‍െറ വീട് സന്ദര്‍ശിച്ച ശേഷം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരെയും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും കാമ്പയിന്‍ ഭാഗമാക്കാനായി ഇ-മെയില്‍ ബൂത്തുകള്‍ സ്ഥാപിക്കും. ഐ.ടി മേഖലകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഗ്രീവിയന്‍സ് കമ്മിറ്റിയില്‍ ഉദ്യോഗസ്ഥ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നില്ല. നടപടികളുണ്ടാവുന്നില്ളെങ്കില്‍ നിയമം ശക്തമാക്കാനായി സുപ്രീംകോടതിയിലടക്കം നിയമപരമായി പോരാടും.
രസിലയുടെ കൊല സംബന്ധിച്ച അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. സംഭവത്തില്‍ നിരവധി ദുരൂഹതകളുണ്ടെന്നാണ് പിതാവിനോടും ബന്ധുക്കളോടും സംസാരിച്ചപ്പോള്‍ വ്യക്തമായത്. ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര കമ്മിറ്റിയും സമരം നടത്തും. കോഴിക്കോട് ജില്ല പ്രസിഡന്‍റ് എസ്.കെ. സജീഷ്, ട്രഷറര്‍ വി. വസീഫ്, സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
