ഉമാതോമസിന് ഡി.വൈ.എഫ്.ഐ സംരക്ഷണമൊരുക്കും; സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫിയുടെ സംഘം -വി.കെ സനോജ്
text_fieldsഉമ തോമസ്, വി.കെ സനോജ്
തിരുവനന്തപുരം: ഉമാതോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിൽ എം.എൽ.എയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഷാഫിയുടെ വെട്ടുകിളിക്കൂട്ടം ഭീകരമായാണ് ഉമതോമസിനെ ആക്രമിച്ചത്. കെ.സി വേണുഗോപാലിന്റെ ഭാര്യക്കും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കേണ്ടിവന്നു. ഷാഫിയാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പണംകൊടുത്താണ് ഷാഫി സൈബർപോരാളികളെ നിയന്ത്രിക്കുന്നത്. ഇവർക്ക് എവിടെ നിന്നാണ് ഇത്രക്ക് പണം ലഭിക്കുന്നത്. വയനാടിന് വേണ്ടി പിരിച്ച പണം ഇതിന് ഉപയോഗിക്കുന്നുണ്ടെന്നും വി.കെ സനോജ് പറഞ്ഞു. രാജിവെച്ചാലും ഇല്ലെങ്കിലും രാഹുൽ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും വി.കെ സനോജ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് എം.എൽ.എ ഉമ തോമസിനെതിരെ വലിയ സൈബർ ആക്രമണമാണ്. രാഹുൽ യൂനിറ്റ് തലം മുതൽ പ്രവർത്തിച്ചാണ് എം.എൽ.എ പദം വരെ എത്തിയതെന്നും അല്ലാതെ ഉമ തോമസിനെ പോലെ പി.ടി. തോമസ് എന്ന മഹാനായ നേതാവിന്‍റെ വിധവയായത് കൊണ്ട് ജനപ്രതിനിധിയായത് പോലയല്ലെന്നും കമന്‍റിൽ പറയുന്നു.
പാർട്ടി ഒരു സമയത്ത് വല്ലാത്ത അവസ്ഥയിൽ കടന്നു പോവുമ്പോൾ അതിനെ പ്രതിരോധിക്കാൻ പറ്റാതെ എല്ലാവരും നോക്കുക്കുത്തിയായി നിൽക്കുമ്പോൾ, സി.പി.എം വിലസുമ്പോൾ അതിനെ പ്രതിരോധിച്ച് പാർട്ടിയെ അടുത്ത തെരഞ്ഞെടുപ്പ് വന്നാൽ അധികാരത്തിൽ വരുമെന്ന് അവസ്ഥയിൽ എത്തിച്ച രാഹുലിനെ ഉമ പരസ്യമായി എതിർക്കുന്നതെന്ന് മറ്റൊരു കമന്‍റിൽ പറയുന്നു.
സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസ് എം.എൽ.എ ഉമ തോമസ് രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണത്തിൽ പ്രശ്നമില്ലെന്നും താൻ വിശ്വസിക്കുന്ന പ്രസ്ഥാനം കൂടെ നിൽക്കുമെന്നും ഉമ വ്യക്തമാക്കി.രാഹുലിന്‍റെ വിഷയത്തിൽ പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ആരുടെയും സ്വാതന്ത്ര്യത്തിലും കൈകടത്തുന്നില്ല. സൈബർ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കില്ലെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മൗനം ശരിയല്ലെന്നും രാജിവെച്ച് മാറി നിൽക്കണമെന്നുമാണ് കോൺഗ്രസ് എം.എൽ.എയായ ഉമ തോമസ് ഇന്നലെ ആവശ്യപ്പെട്ടത്. കോൺഗ്രസ് പ്രസ്ഥാനം സ്ത്രീകളോടൊപ്പം നിൽക്കുമെന്നതിൽ സംശയമില്ല. പി.ടി. തോമസ് എന്നും സ്ത്രീകളെ ചേർത്തുപിടിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്ത വ്യക്തിത്വമാണെന്നും ഉമ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

