'എസ്.എൻ.ഡി.പിക്കാർ എന്റെ വീട്ടിൽ കയറിയേക്കരുത്, ഞാന്‍ ഉൾപ്പെടെ ആര് ചത്താലും കൊടിയുമായി വരേണ്ട'; തോറ്റ സി.പി.എം സ്ഥാനാർഥിയുടെ മകൻ
text_fieldsശോഭന ബാലൻ, മകൻ അഭിജിത്ത് ബാലൻ
പത്തനംതിട്ട: എസ്.എന്‍.ഡി.പി എന്ന പേരിൽ ഇനിയാരും തന്റെ വീട്ടിൽ കയറരുതെന്ന് ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം സ്ഥാനാർഥിയുടെ മകനുമായ അഭിജിത്ത് ബാലൻ. സി.പി.എം സ്ഥാനാർഥിയായ അമ്മയുടെ തോൽവിയുടെ പശ്ചാത്തലത്തിലാണ് മകന്റെ മുന്നറിയിപ്പ്. എസ്.എൻ.ഡി.പി ശാഖ യോഗത്തിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം.
പത്തനംതിട്ട ഏറത്തു പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ് എൽ.ഡി.എഫ് സ്ഥാനാര്‍ഥി ശോഭന ബാലൻ തോറ്റത്. എസ്.എൻ.ഡി.പിക്കാർ വോട്ട് ചെയ്തിരുന്നുവെങ്കിൽ താൻ പുഷ്പം പോലെ വിജയിക്കുമായിരുന്നുവെന്ന് ശോഭന പറയുന്ന സന്ദേശവും പുറത്തുവന്നു.
'എല്ലാ എസ്.എൻ.ഡി.പി ശാഖ അംഗങ്ങളോടും പറയുകയാണ്. ഇനി ഒറ്റ ഒരണ്ണം ഞങ്ങളുടെ വീട്ടിൽ വരരുത്. ഞങ്ങളുടെ വീട്ടിൽ ഞാനുൾപ്പെടെ ആര് ചത്താലും എസ്.എൻ.ഡി.പി എന്ന് പറയുന്നവർ എന്റെ വീട്ടിൽ കൊടിയുമായി വരേണ്ട. ഞങ്ങൾ സാധാരണ രീതിയിൽ എന്റെ വീട്ടിൽ തന്നെ കുഴിച്ചിട്ടോളാം. ഒരു എസ്.എൻ.ഡി.പി എന്ന് പറയുന്ന സാധനവും എന്റെ വീട്ടിൽ കയറിയേക്കരുത്.'- ശോഭന ബാലന്റെ മകൻ അഭിജിത്ത് വാട്സ് ആപ് ഗ്രൂപ്പിൽ പറഞ്ഞു.
യു.ഡി.എഫ് ആണ് വാര്‍ഡിൽ ജയിച്ചത്. മൂന്നാം സ്ഥാനത്താണ് സി.പി.എം സ്ഥാനാർഥിയായ ശോഭന. പഞ്ചായത്തിൽ യു.ഡി.എഫ് ആണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ സമുദായ സമവാക്യങ്ങളടക്കം തെറ്റിച്ചുകൊണ്ടാണ് പലയിടത്തും യു.ഡി.എഫ് തരംഗമുണ്ടായത്. ഇതിനിടെയാണ് പ്രാദേശികതലത്തിൽ പലയിടത്തും അതൃപ്തി പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

