കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ
text_fieldsവടകര: വടകര: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റുചെയ്തു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി മെംബറും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്‍കറിനെയാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
വടകര സ്ക്വാഡ് എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ജിതിൻ ഭാസ്കറിനാണ് ആദ്യം പോസ്റ്റ് ഫോർവേഡ് ചെയ്തത്. 200 ഓളം പേർക്ക് വ്യക്തിപരമായും കാഫിർ സ്ക്രീൻഷോട്ട് ഫോർവേഡ് ചെയ്തെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തി. സ്ക്രീൻഷോട്ട് ഫോർവേഡ് ചെയ്ത കേസിലാണ് ജിതിൻ ഭാസ്കറിനെ എസ്.ഐ.ടി അറസ്റ്റുചെയ്തത്. ഉറവിടം കണ്ടെത്താൻ ജിതിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ജില്ല പൊലീസ് മേധാവി ടി. ഫറാഷ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
സാമൂദായിക ഐക്യം തകർത്ത് കലാപത്തിനുള്ള ശ്രമം, തെളിവ് നശിപ്പിക്കൽ, പ്രേരണ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തത്. തിരുവള്ളൂർ സ്വദേശിയായ ജിതിൻ ഭാസ്കർ അഡ്മിനായ വടകര സ്ക്വാഡ് വാട്സ്ആപ് ഗ്രൂപ്പിലാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നാലെ റെഡ് എൻകൗണ്ടർ, പോരാളി ഷാജി തുടങ്ങിയ നിരവധി ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും പോസ്റ്റ് പ്രചരിക്കുകയായിരുന്നു.
ജിതിൻ ഭാസ്കറിനെ ചോദ്യം ചെയ്തതിലൂടെയാണ് കേസിലെ നിർണായക വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചത്. തിരുവള്ളൂർ കേന്ദ്രീകരിച്ചാണ് കാഫിർ സ്ക്രീൻ ഷോട്ട് ഗൂഡാലോചന നടന്നതെന്ന് എസ്.ഐ.ടി കണ്ടെത്തി. കാഫിർ സ്ക്രീൻ ഷോട്ട് അന്വേഷണം ഡി.വൈ.എഫ്.ഐ വടകര േബ്ലാക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനിലാണ് അവസാനമായി എത്തിയിരുന്നത്. എന്നാൽ, സ്ക്രീൻ ഷോട്ടിന്‍റെ യഥാർഥ ഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്തുക അസാധ്യമാണെന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാർ കേസ് അവസാനിപ്പിക്കുകയായിരുന്നു. എസ്.ഐ.ടി അന്വേഷണത്തിലാണ് 'വടകര സ്ക്വാഡ്' എന്ന പേരിലുള്ള ഗ്രൂപ്പിൽ നിന്നാണ് റിബേഷിന് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന് കണ്ടെത്തിയത്.
നേരത്തെ, കേസിൽ എസ്.ഐ.ടി അന്വേഷണം തുടങ്ങിയതിനു പിന്നാലെ റിബേഷ് രാമകൃഷ്ണൻ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞിരുന്നു. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജിതിൻ ഭാസ്‌കറിട്ട പോസ്റ്റാണ് റിബേഷ് ഷെയർ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ് സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യമിട്ട് കാഫിർ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്‍ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് പോസ്റ്റ് ഫോർവേർഡ് ചെയ്യപ്പെട്ടതെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണ് പോസ്റ്റ് സൃഷ്ടിച്ചതെന്ന നിഗമനത്തിലാണ് എസ്.ഐ.ടി. പോസ്റ്റ് ഫോർവേഡ് ചെയ്തവർ ഉൾപ്പെടെ നേരത്തെ ചോദ്യം ചെയ്തു വിട്ടയച്ച മുഴുവൻ പേരെയും എസ്.ഐ.ടി ചോദ്യം ചെയ്യും. പോസ്റ്റ് ഫോർവേഡ് ചെയ്തവരെ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർക്കാനാണ് എസ്.ഐ.ടി നീക്കം. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ജിതിൻ ഭാസ്‍കറിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

