ആർ.എസ്.എസ്-ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയിൽ ദുരൂഹതെയന്ന് ഡി.വൈ.എഫ്.ഐ
text_fieldsകൊച്ചി: ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും കൂടിക്കാഴ്ച നടത്തിയതിൽ ദുരൂഹതെയന്ന് ഡി.വൈ.എഫ്.ഐ. ആർ.എസ്.എസിന് കേരളത്തിൽ സ്വാധീനമുറപ്പിക്കാനുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് കൊച്ചിയിൽ ആരോപിച്ചു. മതനിരപേക്ഷതക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന നടപടിയാണ് ഇത്. ഇതിൽ പൊതുസമൂഹത്തിന്‍റെ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിമർശനത്തെ ഇസ്ലാമോഫോബിയ എന്നു പറഞ്ഞ് നേരിടുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്. മതനിരപേക്ഷത എന്നും ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഡി.വൈ.എഫ്.ഐയുടേത്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ സർട്ടിഫിക്കറ്റ് സംഘടനക്ക് ആവശ്യമില്ല. രഹസ്യ കൂടിക്കാഴ്ചക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും മുസ്ലിംലീഗ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതൃത്വങ്ങളും പുലർത്തുന്ന മൗനം സംശയാസ്പദമാണ്. തില്ലങ്കേരിയിലടക്കമുള്ള മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകും. അതിൽ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്.
ആലപ്പുഴയിലെ വനിതാനേതാവിനെ ആക്രമിച്ച സംഭവത്തിൽ പ്രാദേശിക നേതാവിനെ പുറത്താക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളും അവിശ്വാസികളും എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉണ്ട്. അതിനാൽ വിശ്വാസികൾ ക്ഷേത്ര ഭാരവാഹികളാകുന്നതിൽ തെറ്റില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു, എറണാകുളം ജില്ല സെക്രട്ടറി എ.ആർ. രഞ്ജിത്ത്, പ്രസിഡന്‍റ് അനീഷ് എം. മാത്യു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

