പ്രണയകുരുക്കിൽ വീടുവിട്ട പെൺകുട്ടിയെ രക്ഷിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ
text_fieldsപറവൂർ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവിനൊപ്പം വീട് വിട്ട് ഇറങ്ങിയ പെൺകുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ യുവാക്കൾ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ 18 വയസുള്ള പെൺകുട്ടിയെയാണ് ചാവക്കാട് സ്വദേശിയായ യുവാവിനൊപ്പം ഗോതുരുത്ത് പളളിപ്പടിയിൽ അസ്വഭാവികമായി കണ്ടത്.
കൂടെ വരാൻ യുവാവ് നിർബന്ധിച്ചെന്നും ഇല്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞതിനാലാണ് വീട് വിട്ടിറങ്ങിയതെന്നും, യുവാവിനെ ആദ്യമായാണ് കാണുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി. ചാവക്കാട് സ്വദേശിയായ യുവാവിന്‍റെ മാതാവ് രണ്ടാം വിവാഹം കഴിച്ചത് ഗോതുരുത്തിൽ നിന്നാണ്. അടുത്തിടെ അവർ മരിച്ചതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഈ വീട്ടിലേക്കെന്ന് പറഞ്ഞാണ് യുവാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വന്നത്.
സംസാരത്തിൽ പന്തികേട് തോന്നിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിവരം മുൻ പഞ്ചായത്തംഗം കെ.ടി. ഗ്ലിറ്ററെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ചോദിച്ചതോടെ യുവാവ് രക്ഷപ്പെടാൻ ശ്രമങ്ങൾ തുടങ്ങി. തുടർന്ന് യുവാവിനെ ബലം പ്രയോഗിച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇയാളുടെ കൈയിലെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഒട്ടേറെ യുവതികളുടെ നഗ്നചിത്രം കണ്ടെത്തി. ഇയാളുടെ ബാഗിൽ നിന്നും മറ്റൊരു സിം കാർഡും ഗർഭനിരോധന ഉറകളും കണ്ടെടുത്തു.
പൊലീസ് കൊട്ടാരക്കര സ്‌റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ പെൺകുട്ടിയെ കാണാനില്ലെന്ന പരാതി വീട്ടുകാർ നൽകിയതായി അറിഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. പെൺകുട്ടിയെ രക്ഷിക്കാൻ തക്കസമയത്ത് ഇടപെട്ട കെ.ടി. ഗ്ലിറ്റർ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ബ്രൈറ്റ്ലി സെബാസ്റ്റ്യൻ, ആദിൽ ഗിൽസ്, കിൽ റോയ് എന്നിവരുടെ മാതൃകാപരമായ നടപടിയെ അഭിനന്ദിക്കുന്നതായി സബ് ഇൻസ്പെക്ടർ കെ.ഐ. നസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

