കന്‍റോൺമെന്‍റ് ഹൗസിലേക്ക് മതിൽചാടിക്കയറി ഡി.വൈ.എഫ്.ഐ പ്രവർത്തകർ VIDEO
text_fieldsകന്‍റോൺമെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് വിമാനത്തിനുള്ളിൽ അടക്കം പ്രതിഷേധിച്ചതിനു പിന്നാലെ അതേ രീതിയിലെ പ്രതിഷേധമാണ് ഡി.വൈ.എഫ്.ഐയും നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മതിൽ ചാടിക്കടന്ന് കയറി.
ഉച്ചയ്ക്ക് 12:20ഓടെയായിരുന്നു സംഭവം. വേണ്ടത്ര സുരക്ഷ കന്‍റോൺമെന്‍റ് ഹൗസിന്‍റെ മുൻവശത്ത് ഏർപ്പെടുത്തിയിരുന്നില്ല. കുറച്ച് പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തടയുന്നതിനിടെ മൂന്നു പേർ പിന്തിരിഞ്ഞോടി. രണ്ടു പേര്‍ പൊലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസുകാര്‍ തടഞ്ഞുവെച്ചു. കൂടുതല്‍ പൊലീസ് എത്തിയ ശേഷം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.
അതേസമയം, തലസ്ഥാനത്ത് പൊതുപരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് നേരെ ഇന്നും പ്രതിപക്ഷ സംഘടനകൾ കരിങ്കൊടി പ്രതിഷേധം നടത്തി. തിരുവനന്തപുരം പേയാടും വിളപ്പിൽശാല ജങ്ഷനിലും വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി പങ്കെടുത്ത ഇ.എം.എസ് അക്കാദമിയിലെ നവകേരള സദസ് പരിപാടിയിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന്
കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു. കന്റോണ്‍മെന്റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമികള്‍ പരിക്കേല്‍പ്പിക്കുകയും കന്റോണ്‍മെന്റ് വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. മാരാകായുധങ്ങളുമായി കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.