എസ്.കെ.എസ്.എസ്.എഫ് പതാകദിനാഘോഷം ഡി.വൈ.എഫ്.ഐ പ്രവർത്തകർ അലങ്കോലപ്പെടുത്തി; നേതാക്കളെ കൈയേറ്റം ചെയ്തു
text_fieldsചെറുവത്തൂർ (കാസർകോട്): ചീമേനി ചാനടുക്കത്ത് എസ്.കെ.എസ്.എസ്.എഫ് പതാകദിനാഘോഷം അലങ്കോലപ്പെടുത്തി നേതാക്കളെയും പ്രവർത്തകരെയും കൈയേറ്റം ചെയ്തു. സംസ്ഥാന വ്യാപകമായി നടക്കുന്ന കാമ്പയിനിന്‍റെ ഭാഗമായി ചാനടുക്കം ശാഖയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയാണ് അലങ്കോലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ, എസ്.എസ്.എഫ് നേതാവ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് അലങ്കോലപ്പെടുത്തിയതെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ ആരോപിച്ചു.
പരിപാടിയുടെ ഭാഗമായി ഉയർത്തിയ പതാക ബലം പ്രയോഗിച്ച് അഴിപ്പിക്കുകയും പ്രമേയപ്രഭാഷണം നടത്തുകയായിരുന്ന ചീമേനി ടൗൺ ഖതീബും എസ്.എം.എഫ് സംസ്ഥാന സമിതിയംഗവുമായ ജാബിർ ഹുദവി, എസ്.കെ.എസ്.എസ്.എഫ് ജില്ല സഹചാരി കോഓഡിനേറ്റർ റാഷിദ് ഫൈസി, കമ്മിറ്റി ഭാരവാഹികളായ ഫിറോസ് ഇർഷാദി, റാസിഖ് ഇർഷാദി, ആശിഖ്, മുബഷിർ ഇർശാദി, മുഹമ്മദലി എന്നിവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
ചാനടുക്കം ടൗണിൽ സ്ഥാപിച്ച പതാകമരം തുടർച്ചയായി നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം പൊലീസ് ഇടപെട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ, ഇരുട്ടിന്‍റെ മറവിൽ പലപ്പോഴായി പതാകയും കൊടിമരവും സാമൂഹ്യ ദ്രോഹികൾ പിഴുതെറിഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പും ഇതാവർത്തിച്ചു.
കാഞ്ഞങ്ങാട്ട് കൊലപാതകം നടത്തിയത് സമസ്തയുടെ നേതൃത്വത്തിലാണെന്ന് ആക്രോശിച്ചായിരുന്നു എസ്.എസ്.എഫ് നേതാവ് റഫീഖ് പരിപാടി തടസ്സപ്പെടുത്തിയതെന്ന് നേതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ചീമേനി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.