കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിൽനിന്ന് കാണാതായ ഡി.വി.ആറിനായി കായലിൽ നടത്തിയ തിരച്ചിൽ വിഫലം. ഇടക്കൊച്ചി കണ്ണങ്കാട്ട്-വില്ലിങ്ടൺ ഐലൻഡ് പാലത്തിന് താഴെ വേമ്പനാട് കായലിലാണ് ഫയർഫോഴ്സിെൻറ മൂന്നംഗ സ്കൂബ ൈഡവിങ് സംഘം മുങ്ങിത്തപ്പിയത്.
ഉച്ചക്ക് ഒന്നോടെ തുടങ്ങിയ ദൗത്യം വൈകീട്ട് അഞ്ചര വരെ നീണ്ടു. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽനിന്ന് നവംബർ ഒന്നിന് പുലർച്ച ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുംവഴിയാണ് മോഡലുകൾ ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കാർ അപകടം നടന്നത്. ഇതിന് ശേഷം ഹോട്ടലിലെ സി.സി ടി.വി കാമറകൾ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന രണ്ട് ഡി.വി.ആറുകളിൽ ഒന്ന് കാണാതായിരുന്നു.
ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ട് രണ്ടാമത്തെ ഡി.വി.ആറിനെ പറ്റി ഒന്നും പൊലീസിനോട് പറഞ്ഞില്ലെങ്കിലും ജീവനക്കാരിൽ രണ്ടുപേർ അത് കായലിൽ എറിഞ്ഞതായി വെളിപ്പെടുത്തി. തുടർന്നാണ് കായലിൽ തിരച്ചിൽ നടത്തിയത്. കായലിൽ അഞ്ചടി വരെ ചളി അടിഞ്ഞുകിടക്കുകയാണെന്ന് സ്കൂബ ഡൈവിങ് സംഘം അറിയിച്ചു. മെറ്റൽ ഡിറ്റക്ടർ പോലും ഇല്ലാതെ തിരച്ചിൽ നടത്തിയിട്ട് ഫലമില്ലെന്നും അവർ പറഞ്ഞു. കലങ്ങിയൊഴുകുന്ന കായലിൽ ടോർച്ച് തെളിച്ചാണ് മുങ്ങിത്തപ്പിയത്. പാർട്ടി നടന്ന ഹോട്ടലിൽനിന്ന് പത്തര കിലോമീറ്ററാണ് ഈ പാലത്തിലേക്ക്. വില്ലിങ്ടൺ ഐലൻഡിൽനിന്ന് പാലം കണ്ണങ്ങാട്ട് റോഡിലേക്ക് ഇറങ്ങുന്നിടത്താണ് ഹോട്ടലുടമ റോയിയുടെ വീട്.
അതിനിടെ, ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ മൊഴിയെടുത്ത് ഹോട്ടലിൽ നടന്ന കാര്യങ്ങളുടെ ചുരുളഴിക്കാനും അന്വേഷണ സംഘം നടപടി തുടരുകയാണ്. തെളിവ് നശിപ്പിച്ചെന്ന കേസിൽ എറണാകുളം പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത റോയിയും അഞ്ച് ഹോട്ടൽ ജീവനക്കാരും ജാമ്യത്തിലാണ്. ഡി.വി.ആർ കായലിലേക്ക് എറിഞ്ഞ സ്ഥലം കാണിച്ചുകൊടുക്കാൻ ജീവനക്കാർ എത്തിയിരുന്നു. റോയിയും എത്തി. ജില്ല ക്രൈംബ്രാഞ്ച് എസ്.പി ബിജി ജോർജ് നേതൃത്വം നൽകുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അഞ്ജന മദ്യം നിരസിച്ചെന്ന് സഹോദരൻ
കൊച്ചി: നമ്പർ 18 ഹോട്ടലിലെ പാർട്ടിക്കിടെ രണ്ടുതവണം മദ്യം വാഗ്ദാനം ചെയ്തിട്ടും അഞ്ജന നിരസിച്ചുവെന്ന് സഹോദരൻ അർജുൻ. സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് കാണിച്ചുതന്നു. അതിലൊന്നും മദ്യപിച്ച ലക്ഷണമില്ല. മദ്യം നിരസിച്ചതായി വ്യക്തമാകുന്നുമുണ്ട്. പാർട്ടി കഴിഞ്ഞ് അഞ്ജനയുൾപ്പെടെ നാലുപേരും സന്തോഷത്തോടെ ഹോട്ടലിൽനിന്ന് മടങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ സമയം കൈവശം മദ്യക്കുപ്പിയില്ല. കാറിൽനിന്ന് ലഭിച്ചത് ഒരുപക്ഷേ, നേരേത്ത സൂക്ഷിച്ചതാകാമെന്നും അർജുൻ പറഞ്ഞു.
മദ്യത്തോട് വിയോജിപ്പുള്ളയാളായിരുന്നു സഹോദരി. വീട്ടിലെ ആഘോഷ ചടങ്ങുകളിൽ മദ്യം വിളമ്പുന്നതിനെ എതിർത്തിരുന്നു. മറ്റെന്തങ്കിലും തരം ബന്ധം അഞ്ജനക്കുള്ളതായി അറിയില്ല. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അർജുൻ പറഞ്ഞു.