
വിമാനക്കമ്പനികൾക്ക് കൊളളയടിക്കാൻ പ്രവാസികളെ എറിഞ്ഞു കൊടുക്കുന്നു -പ്രവാസി വെൽഫെയർ ഫോറം
text_fieldsതിരുവനന്തപുരം: വിമാനക്കമ്പനികൾക്ക് കൊളളയടിക്കാൻ പ്രവാസികളെ എറിഞ്ഞുകൊടുക്കുന്ന കേന്ദ്ര സമീപനമാണ് സീസൺ കൊള്ള തടയാനാവില്ലെന്ന സമീപനത്തിലൂടെ വ്യക്തമാവുന്നതെന്ന് പ്രവാസി വെൽഫെയർ ഫോറം. കോർപ്പറേറ്റ് പ്രീണന സമീപനത്തിൽ മാറ്റം വേണമെന്നും ഫോറം ആശ്യപ്പെട്ടു.
നാടിന് വലിയ സംഭാവനകൾ നൽകിവരുന്ന പ്രവാസികൾക്കുളള കനത്ത പ്രഹരമാണ് ഈ സമീപനം. ജനജീവിതത്തിന്റെ താളം തെറ്റിക്കുന്ന ധാരാളം ബില്ലുകൾ ചുട്ടെടുക്കുന്ന കേന്ദ്ര സർക്കാരിന് കോർപ്പറേറ്റ് കൊള്ളകൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പറയുന്നത് വഞ്ചനയാണ്. വില നിയന്ത്രണ സംവിധാനങ്ങളൊക്കെയും എടുത്ത് കളഞ്ഞ് ലാഭക്കൊള്ള നിയമ വിധേയമാക്കിക്കൊടുക്കുകയാണ് സർക്കാർ.
2021ലെ റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം പ്രവാസികൾ വർഷംതോറും ഇന്ത്യയിൽ 21 ബില്യൻ ഡോളറിന്റെ റെമീറ്റൻസും 60 ബില്യൻ ഡോളറിന്റെ നിക്ഷേപവും നടത്തിയിട്ടുണ്ട്. അവർ നേടിയ നൈപുണ്യവും വിജ്ഞാനവും രാജ്യത്ത് പ്രത്യുൽപാദനപരമാക്കാൻ നമ്മുടെ ഭരണ സംവിധാനങ്ങൾ ശ്രമിക്കുന്നില്ല. ഏറ്റവും കൂടുതൽ പ്രവാസികൾ കേരളത്തിൽ നിന്നാണെന്ന് മനസ്സിലാക്കി ഇവിടത്തെ എം.പിമാർ പ്രവാസി വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി യോഗം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ഉൽഘാടനം ചെയ്തു. എം. കെ. ഷാജഹാൻ, നസീർ അലിയാർ എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും ട്രഷറർ കുഞ്ഞിപ്പ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
