റൂബി എഴുതി-'വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു'; പിന്നെ കേൾക്കുന്നത് അവളും ഭർത്താവും ആത്മഹത്യ ചെയ്തെന്ന വാർത്ത
text_fieldsറൂബിയുടെ എഫ്.ബി പോസ്റ്റ്. റൂബിയും സുനിലും
കൊച്ചി: 'വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു'-കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഡബ്ബിങ് ആർട്ടിസ്റ്റ് റൂബി ഈമാസം 19ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാക്കുകളാണിത്. ഏത് പ്രതിസന്ധിയെയും തേന്റടത്തോടെ അഭിമുഖീകരിക്കുന്ന റൂബിയുടെ പതിവ് തമാശ ആയി മാത്രമേ സുഹൃത്തുക്കൾ അതിനെ കണ്ടുള്ളു. പക്ഷേ, പിന്നീട് അവർ കേൾക്കുന്നത് റൂബിയും ഭർത്താവ് സുനിലും ആത്മഹത്യ ചെയ്തു എന്നാണ്. ഈ വാർത്തയുടെ നടുക്കത്തിൽ നിന്ന് ഇനിയും മോചിതരായിട്ടില്ല ഇരുവരുടെയും സുഹൃത്തുക്കൾ.
തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് സുനിലും റൂബിയും താമസിച്ചിരുന്നത്. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ സുനിൽ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താൻ ഉടൻ മരിക്കുമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ശ്രീകാര്യം പൊലീസിന്‍റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട ആൾ ആയിരുന്നു റൂബിയെന്ന് സുഹൃത്തുക്കൾ പറയുന്നു. ഊർജ്ജം നിറച്ച ഫേസ്ബുക്ക് പോസ്റ്റുകൾ ആയിരുന്നു റൂബി എഴുതിയവയിൽ ഏറെയും. അതുകൊണ്ടുതന്നെ 'വിശക്കുന്നു' എന്ന പോസ്റ്റിനെയും തമാശ ആയിട്ടാണ് പലരും എടുത്തത്. മരിക്കുന്നതിന്‍റെ തലേന്ന് വാട്സ്ആപ്പ് സൗഹൃദ കൂട്ടായ്മയിൽ നിന്ന് റൂബി സ്വയം പുറത്തുപോയതിനെയും സുഹൃത്തുക്കൾ ഗൗരവമായി എടുത്തില്ല. 'ആകെ ലോക്ഡൗണായി' എന്നുപറഞ്ഞ് ചില സുഹൃത്തുക്കൾക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിലെ മലയാളി കൂട്ടായ്മയായ 'വേൾഡ് മലയാളി സർക്കിളി'ൽ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് റൂബി പോസ്റ്റ് ഇട്ടിരുന്നു. 'പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം'- എന്നായിരുന്നു റൂബി എഴുതിയത്. 'വിശദമായി പരിചയപ്പെടാം' എന്നെഴുതിയ ആളെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്തയുടെ നടുക്കത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.