മോഹൻലാലിനെതിരെ ഭാഗ്യലക്ഷ്മി; ‘ഒരു നിമിഷം ചിന്തിക്കാൻ പോലും തയാറാകാതെയാണ് അദ്ദേഹം അത് ചെയ്തത്’
text_fieldsഭാഗ്യലക്ഷ്മി, ഭഭബ സിനിമ പോസ്റ്റർ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന ദിവസം തന്നെ ദിലീപിന്‍റെ അടുത്ത സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തതിൽ മോഹൻലാലിനെ വിമർശിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷം ചിന്തിക്കാൻ പോലും തയാറാകാതെയാണ് മോഹൻലാൽ പോസ്റ്റർ റിലീസ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ദിലീപിന്‍റെ വില്ലനിസം തീർന്നിട്ടില്ലെന്നും കോടതി വിധിയിലൂടെ എന്തും ചെയ്യാനുള്ള ധൈര്യം അയാൾക്ക് കിട്ടിയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. വന്ന വിധിയോടെ അതിജീവിത തളർന്നെന്ന് വിചാരിക്കേണ്ടെന്നും നിയമത്തിന്‍റെ ഏതറ്റം വരെയും പോകാൻ തയാറെടുത്തുകഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി.
“വിധി വരുന്ന ദിവസം തന്നെ മോഹൻലാൽ ആ പോസ്റ്റർ റിലീസ് ചെയ്യുകയാണ്. എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷം ചിന്തിക്കാൻ പോലും അദ്ദേഹം തയാറാകുന്നില്ല. അവനു വേണ്ടിയും അവൾക്കു വേണ്ടിയും പ്രാർഥിക്കുന്നു എന്ന് പറയുന്നതും നമ്മൾ കേട്ടു. ഇനിയും അദ്ദേഹത്തിന്‍റെ വില്ലനിസം തീർന്നിട്ടില്ല. ആ വിധിയിലൂടെ ഇനിയും ഇത് ചെയ്യാമെന്ന ധൈര്യം അദ്ദേഹത്തിന് കിട്ടി. അത് എങ്ങനെ കിട്ടിയെന്നും എന്താണ് അയാളുടെ ധൈര്യമെന്നും എല്ലാവർക്കുമറിയാം. സാമാന്യ രീതിയിൽ സത്യം വിജയിച്ചെന്നോ കോടതിയിൽ നിരപരാധിത്വം തെളിഞ്ഞെന്നോ പറയുന്നതിനു പകരം കോടതിയിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ മറ്റൊരു പെണ്ണിന്‍റെ പേരാണ് പറയുന്നത്.
അടുത്ത അടി മുന്നോട്ടുവെക്കാനുള്ള തയാറെടുപ്പിലാണ് അതിജീവിത. വന്ന വിധിയോടെ അവൾ തളർന്നെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ അത് വെറുതെയാണ്. നിയമത്തിന്‍റെ ഏതറ്റം വരെയും പോകാൻ അവൾ തയാറെടുത്തുകഴിഞ്ഞു. അവൾക്കിനി ജീവിതത്തിൽ നേരിടാൻ ഒരു അപമാനവുമില്ല. രണ്ടു മണിക്കൂർ വാഹനത്തിൽ നേരിടേണ്ടിവന്നതിനേക്കാൾ വലിയ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. ഇതിൽക്കൂടുതലൊന്നും സംഭവിക്കാനില്ലല്ലോ എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പോസ്റ്റിട്ടത്. തീർച്ചയായും അപ്പീൽ പോകും. തളർത്താമെന്ന് ആരും വിചാരിക്കേണ്ട. മാധ്യമങ്ങളും പൊതുസമൂഹവും ഒപ്പം നിൽക്കണം. ഇപ്പോൾ എല്ലാവർക്കും യാഥാർഥ്യമെന്തെന്ന് ബോധ്യമുണ്ട്.
സാംസ്കാരിക ലോകവും പൊതുസമൂഹവും അവൾക്കൊപ്പമാണ്. എന്നാൽ സിനിമക്കുള്ളിൽ എല്ലാവരും അയാൾക്കൊപ്പമാണ്. കാരണം അയാളുടെ കൈയിൽ പണമുണ്ട്. അത് ഇല്ലാതാകുമ്പോൾ അവരും മാറും. പലരോടും ഇത് ചെയ്തിട്ടുണ്ടെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും കോടതിയിൽനിന്ന് ഇത്തരമൊരു വിധി എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഈ ഒരൊറ്റ കേസുകൊണ്ട് ഒരുപാട് പേർ രക്ഷപ്പെട്ടു. പലരും തുറന്നു പറയാത്തത് അവസരങ്ങൾ നിഷേധിക്കപ്പെടുമെന്ന ഭയം കൊണ്ടാണ്. അയാളുണ്ടാക്കിവെച്ച സാമ്പത്തിക സ്പേസിന്‍റെ ധൈര്യമാണത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ തന്നെയാണ് മേൽക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്” -ഭാഗ്യലക്ഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

