കപ്പലിലെ തീ അണക്കാൻ ഡ്രൈ കെമിക്കൽ പൗഡർ ബോംബ്; സഹായത്തിന് വ്യോമസേന ഹെലികോപ്റ്റർ
text_fieldsകൊച്ചി: സിംഗപ്പൂർ ചരക്കുകപ്പൽ എം.വി വാൻഹായ് 503ലെ തീ അണക്കാൻ ശ്രമിക്കുന്ന കോസ്റ്റ് ഗാർഡിനും നാവികസേനക്കും വ്യോമസേനയുടെ സഹായം. വ്യോമസേനാ ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രൈ കെമിക്കൽ പൗഡർ ബോംബ് ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം തുടങ്ങി.
കപ്പലിലെ ഇന്ധന ടാങ്കിന് സമീപത്തെ തീ അണക്കാനുളള ശ്രമമാണ് പുരോഗമിക്കുന്നത്. തീപിടിച്ച ഭാഗത്താണ് 2000 ടൺ ഇന്ധനവും 240 ടൺ ഡീസലുമുള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്. കപ്പലിന്‍റെ മധ്യഭാഗത്തും കണ്ടെയ്നർ ബേയിലിലും തീയും കനത്ത പുകയും ഉയരുന്നത്. കപ്പലിന്‍റെ മധ്യഭാഗത്തും ജീവനക്കാർ താമസിക്കുന്ന ബ്ലോക്കിൽ നിന്ന് പൊട്ടിത്തെറിയും തീയും ബുധനാഴ്ച രാത്രിയിലും ഉണ്ടായിരുന്നു.
അതേസമയം. തീയണക്കാൻ കോസ്റ്റ് ഗാർഡും നാവികസേനയും നടത്തുന്ന ഊർജിതശ്രമം നാലാം ദിവസവും തുടരുകയാണ്. സമുദ്ര പ്രഹരി, സചേത്, സമർഥ് എന്നീ തീരരക്ഷാസേന കപ്പലുകളാണ് ജലവർഷം നടത്തി തീ അണക്കാൻ ശ്രമിക്കുന്നത്. കപ്പലിനെ വാട്ടർജെറ്റ് ഉപയോഗിച്ച് തണുപ്പിക്കുകയും ഇതിലൂടെ തീ കൂടുതൽ പടരുന്നത് ഒഴിവാക്കുകയുമാണ് നിലവിൽ ചെയ്തു കൊണ്ടിരിക്കുന്നത്.
കപ്പലിൽ കത്തിക്കൊണ്ടിരിക്കുന്ന വസ്തുവകകൾ എടുത്തുമാറ്റുകയോ, ഓക്സിജൻ ലഭ്യത പൂർണമായും ഇല്ലാതാക്കുകയോ ചെയ്താലേ തീ നിയന്ത്രിക്കാനാവൂ. എന്നാൽ, കപ്പലിനു തൊട്ടടുത്തേക്ക് എത്താനാവാത്തതിനാൽ ഇതു രണ്ടും അപ്രായോഗികമാണ്.
അതിനിടെ. അപകടത്തിൽ കാണാതായ നാലു കപ്പൽ ജീവനക്കാർക്കായി തിരച്ചിലും പുരോഗമിക്കുകയാണ്. നാവികസേനയുടെ ഐ.എൻ.എസ് സത്‍ലജ് ആണ് തിരച്ചിൽ നടത്തുന്നത്. ഐ.എൻ.എസ് സൂറത്തും രക്ഷാദൗത്യത്തിൽ പങ്കാളിയാകും. 22 കപ്പൽ ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തി മംഗളൂരുവിൽ എത്തിച്ചിരുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാർ മംഗളൂരുവിൽ ഹോട്ടലിലും പരിക്കേറ്റവർ ആശുപത്രിയിലുമാണുള്ളത്. രക്ഷപ്പെടുത്തിയ ജീവനക്കാരിൽ ലു യാൻലി (17), സോണിതൂർ ഹേനി (18) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. നാലു പേർക്ക് നിസാര പരിക്കുണ്ട്.
ജൂൺ ഒമ്പതിനാണ് കണ്ണൂർ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയാണ് (81.49 കിലോമീറ്റർ) സിംഗപ്പൂരിന്റെ എം.വി വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

