ലഹരിക്കടിപ്പെട്ട യുവാവ് സഹോദരിയുടെ മുഖം കുത്തിക്കീറി; നെറ്റി തൊട്ട് ചെവി വരെ ആഴത്തിലുള്ള മുറിവ്
text_fieldsചങ്ങനാശ്ശേരി: ലഹരിക്ക് അടിമയായ യുവാവിന്‍റെ ആക്രമണത്തിൽ സഹോദരിക്ക് ഗുരുതര പരിക്ക്. മൂർച്ചയേറിയ ആയുധം കൊണ്ട് നെറ്റിയുടെ ഒരു ഭാഗം മുതൽ ചെവി വരെ ആറിഞ്ച് നീളത്തിൽ കുത്തിക്കീറുകയായിരുന്നു. വിദേശത്തുനിന്ന് 10 ദിവസത്തെ അവധിക്കെത്തിയ നഴ്സായ യുവതിയാണ് ആക്രമണത്തിനിരയായത്. യുവാവിനെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി മാമ്മൂട് വെളിയം ഭാഗത്ത് പുളിക്കൽ വീട്ടിൽ ലിജോ സേവ്യറാണ് (27) അറസ്റ്റിലായത്. എട്ടുമാസം മുമ്പ് ബംഗളൂരുവിൽനിന്ന് 22 ഗ്രാം എം.ഡി.എം.എയുമായി എത്തിയ ഇയാളെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറുമാസം റിമാൻഡിൽ ആയിരുന്ന പ്രതി രണ്ടു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ചൊവ്വാഴ്ച രാത്രി ബാറിൽനിന്ന് മദ്യപിച്ച് രാത്രി 11ഓടെ എത്തിയ യുവാവ് കൂടെയുണ്ടായിരുന്ന വാഴപ്പള്ളി സ്വദേശിനിയെ വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് എതിർത്ത സഹോദരിയുമായി പിടിവലിയുണ്ടായി. തുടർന്ന് ഇയാൾ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണശേഷം ഓടിപ്പോയ ഇയാളെ വീടിനടുത്തുള്ള റബർ തോട്ടത്തിൽനിന്നാണ് പിടികൂടിയത്. സഹോദരിയാണ് ഇയാളെ ലഹരിക്കേസിലും നേരത്തേയുണ്ടായിരുന്ന പോക്സോ കേസിലും ജാമ്യത്തിലിറക്കിയത്. ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. മുമ്പ് മാതാപിതാക്കളെയും പ്രതി ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ലഹരിക്കടത്ത് കേസുകൾ നിലവിലുണ്ട്.
എസ്.എച്ച്.ഒ എം.ജെ. അരുണിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ് കുമാർ, ഷിബു, സിവിൽ പൊലീസ് ഓഫിസർമാരായ എസ്. അരുൺ, സ്മിതേഷ്, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. തൃക്കൊടിത്താനം, മാമ്മൂട് ഭാഗങ്ങളിലുള്ള ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും എസ്.എച്ച്.ഒ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

