ലഹരിവിരുദ്ധ പരിപാടിക്ക് മദ്യപിച്ചെത്തി: അധ്യാപകന് സസ്പെൻഷൻ
text_fieldsrepresentational image
പീരുമേട് (ഇടുക്കി): ലഹരിവിരുദ്ധ പരിപാടിക്കിടെ സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. വാഗമൺ കോട്ടമല സർക്കാർ എൽ.പി സ്കൂൾ അധ്യാപകൻ ടി.ജി. വിനോദിനെയാണ് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു സസ്പെൻഡ് ചെയ്തത്.
നവംബർ 14ന് സ്കൂളിൽ നടന്ന സംഭവത്തിൽ പീരുമേട് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ നടത്തിയ ലഹരിവിരുദ്ധ പരിപാടിയിൽ ഇയാൾ മദ്യപിച്ചെത്തുകയും പി.ടി.എ പ്രസിഡന്റുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വാഗമൺ പൊലീസ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
അധ്യാപകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അറിയിച്ചതനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലും മദ്യപിച്ചതായി കണ്ടെത്തി. അധ്യാപകനെതിരെ ഹെഡ്മാസ്റ്റർ, പീരുമേട് എ.ഇ.ഒ എന്നിവർക്ക് രക്ഷിതാക്കൾ പരാതിനൽകിയിരുന്നു. ഒരുമാസമായിട്ടും നടപടി ഉണ്ടാകാത്തതിനാൽ രക്ഷിതാക്കൾ സമരപരിപാടി ആരംഭിക്കാനിരിക്കെയാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

