Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച് വാഹനമോടിച്ച് അപകടം: ഉത്തരവാദി ബാറുടമ

text_fields
bookmark_border
മദ്യപിച്ച് വാഹനമോടിച്ച് അപകടം: ഉത്തരവാദി ബാറുടമ
cancel

തിരുവനന്തപുരം: ബാറിൽനിന്ന് മദ്യപിച്ച് വാഹനമോടിക്കുന്നയാൾ അപകടമുണ്ടാക്കിയാൽ ഉത്തരവാദി ബാറുടമ. യു.ഡി.എഫ് സർക്കാറിന്‍റെ പുതിയ മദ്യനയത്തിന്‍റെ കരടിലാണ് ഈ വ്യവസ്ഥ. ബാറുടമ കേസിൽ പ്രതിയാകുമെന്നാണ് കരടിലുള്ളത്. മദ്യപിച്ച് പുറത്തിറങ്ങുന്നയാൾ സ്വയം വാഹനമോടിച്ച് പോകുന്നില്ലെന്ന് ബാർ അധികൃതർ ഉറപ്പുവരുത്തണം. വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് ഒഴിവാക്കാൻ എന്ത് സംവിധാനം സ്വീകരിക്കാമെന്ന് ബാറുടമകൾക്ക് തീരുമാനിക്കാമെന്നാണ് കരടിൽ പറയുന്നത്. മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരെ വീട്ടില്‍നിന്ന് ബാറിലെത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കുന്ന ‘പിക്ക് ആന്‍ഡ് ഡ്രോപ്പ്’ സംവിധാനം പോലുള്ളവ ലൈസന്‍സികള്‍ക്ക് ആലോചിക്കാമെന്ന സൂചനയാണ് കരട് മദ്യനയത്തിലുള്ളത്.

സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നത് കുറക്കാൻ ഈ നിർദേശം സഹായിക്കുമെന്നാണ് മന്ത്രി എം. ലിജുവിന്‍റെ നിലപാട്. മുമ്പ് കൊച്ചിയിൽ ഇത്തരം സംവിധാനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തുടനീളം പ്രായോഗികമാകുമോയെന്ന് സംശയമുള്ളതിനാൽ മദ്യനയത്തിന് അന്തിമരൂപം നൽകാൻ നിയോഗിക്കപ്പെടുന്ന യു.ഡി.എഫ് ഉപസമിതി അംഗീകാരം നൽകുമോയെന്ന സംശയമുണ്ട്. എന്നാൽ, തങ്ങളെ പ്രതിയാക്കാനുള്ള നീക്കത്തിൽ ബാറുടമകൾക്ക് കടുത്ത അതൃപ്തിയുണ്ട്.

എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആക്കുന്നത് ഒഴിവാക്കണമെന്ന അഭിപ്രായം ബാറുടമകൾ മുന്നോട്ട് വെച്ചിരുന്നു. കരട് നയത്തിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന നിയമസഭ ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ ഡ്രൈ ഡേ ഒഴിവാക്കുന്നത് പരാമർശിക്കപ്പെട്ടിരുന്നു. നിശ്ചിത തുക ഫീസായി അടച്ചാൽ ഡ്രൈ ഡേയിൽ ബാറുകൾക്ക് തുറന്നുപ്രവർത്തിക്കാമെന്ന വ്യവസ്ഥ സംബന്ധിച്ചായിരുന്നു ചർച്ച. മദ്യനയം നിലവിൽ വന്നില്ലെന്നും അതിനുശേഷം ഇക്കാര്യത്തിൽ ചർച്ചയാകാമെന്നുമുള്ള നിലപാടാണ് മന്ത്രി എം. ലിജു കൈക്കൊണ്ടത്. ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ബാറുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തണമെന്ന ശിപാർശയും കരട് നയത്തിലുണ്ട്. ഗ്രാമങ്ങളിൽ സമയം കുറക്കണമെന്ന് ശിപാർശയെന്നാണ് വിവരം.

മദ്യനയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള യു.ഡി.എഫ് ഉപസമിതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഈമാസം 30നകം പുതിയ നയം നിലവിൽ വരുമെന്നും അതിനുശേഷം ബാറുകളുടെ ഉൾപ്പെടെ കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നുമാണ് സർക്കാർ ഹൈകോടതിയെ അറിയിച്ചത്. എന്നാൽ, ഒരാഴ്ചക്കകം ചർച്ച പൂർത്തിയാക്കി അന്തിമരൂപം നൽകാനാകുമോയെന്ന ആശങ്ക എക്സൈസ് വകുപ്പിനുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drunk driving accident
Next Story