മദ്യപിച്ച് വാഹനമോടിച്ച് അപകടം: ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ
text_fieldsകൊല്ലം: മദ്യപിച്ച് വാഹനമോടിച്ച് റോഡരികിലെ സൈൻ ബോര്‍ഡ് ഇടിച്ചുതകർത്തകേസിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റും ജില്ല കോടതി അഭിഭാഷകനുമായ വിനോദ് മാത്യു വിൽസണെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 8.30ഓടെ സിവിൽ സ്റ്റേഷന് സമീപം നെല്ലിമുക്കിലാണ് സംഭവം.
ഇദ്ദേഹം ഓടിച്ച കാർ നിയന്ത്രണംവിട്ട് സിഗ്നൽ ബോര്‍ഡിൽ ഇടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരുമായി വിനോദ് മാത്യു തട്ടിക്കയറിയതോടെ പൊലീസെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.
ജില്ല ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഇയാള്‍ മദ്യപിച്ചത് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. രക്തം വിശദപരിശോധനക്കായി ലാബിലേക്ക് അയച്ചു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും വെസ്റ്റ് പൊലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. തകര്‍ന്ന സിഗ്നൽ ബോര്‍ഡിന്റെ നഷ്ടപരിഹാരം ഇയാളിൽനിന്ന് ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.

