ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ
text_fieldsനീഷ്മ, കാവ്യ
വടകര: എം.ഡി.എം.എ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ മൂന്ന് അധ്യാപികമാരിൽ നീഷ്മ, കാവ്യ എന്നിവർ ഇടത് സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞവർഷം ഇരുവരും സംഘടനയുടെ ഭാരവാഹിത്വവും വഹിച്ചിരുന്നു. പേരാമ്പ്ര യൂണിറ്റിന്റെ ഭാരവാഹിത്വമാണ് ഇരുവർക്കും ഉണ്ടായിരുന്നത്.
അധ്യാപികമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ അന്ന് പുറത്തിറക്കിയ പോസ്റ്ററും ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. അറസ്റ്റിന് പിന്നാലെ ഇവരെ സംഘടനയിൽനിന്നും പുറത്താക്കി. കഴിഞ്ഞവർഷം പേരാമ്പ്രയിൽ വെച്ചാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ല സമ്മേളനം നടന്നത്. ഈ സമ്മേളനത്തിലാണ് കാവ്യയേയും നീഷ്മയെയും ഭാരവാഹികളായി തിരഞ്ഞെടുത്തത്.
എന്നാൽ, മറ്റാരും ഭാരവാഹിത്വം ഏൽക്കാൻ തയാറാകാത്തതോടെയാണ് ഇവരെ ചുമതല ഏൽപ്പിച്ചതെന്ന് സംഘടന ഭാരവാഹികൾ പറയുന്നു. ഈ വർഷം അധ്യാപികമാർ സംഘടന അംഗത്വം പുതുക്കിയില്ലെന്നും കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ പറഞ്ഞു. എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപികമാർ ഇടത് അനുഭാവികളാണെന്ന് മുമ്പേ ആരോപണം ഉയർന്നിരുന്നു.
അതേസമയം, കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. അധ്യാപികമാർക്കൊപ്പം അറസ്റ്റിലായ ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ടിൽ ആറുമാസത്തിനിടെ ഒരു കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. അധ്യാപികമാരുമായി അടുത്ത ബന്ധം പുലർത്തുന്നവരെ കുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ടവരെ മുഴുവൻ പിടികൂടുമെന്നും ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യമാണ് വടകരയിൽ നടപ്പാക്കിയതെന്നും ഡി.ഐ.ജി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

