ലഹരി ഉപയോഗം: സിനിമ സെറ്റുകളിൽ ഷാഡോ പൊലീസിന്‍റെ സാന്നിധ്യമുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ
text_fieldsകൊച്ചി: സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം ഉണ്ടെന്ന പരാതിയിൽ പരിശോധന കർശനമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമൻ. ലൊക്കേഷനുകളിൽ ഷാഡോ പൊലീസിന്‍റെ സാന്നിധ്യമുണ്ടാകുമെന്നും കമീഷണർ വ്യക്തമാക്കി.
സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നു പറയുന്നത് നല്ല കാര്യമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇക്കാര്യത്തിൽ സിനിമ മേഖലയുടെ സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സിനിമ വ്യവസായത്തെ ബാധിക്കുന്ന തരത്തിൽ നടപടി സ്വീകരിക്കില്ലെന്നും കമീഷണർ വ്യക്തമാക്കി.
ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ലഭിച്ചാൽ മൊഴിയെടുക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും. ലഹരിയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലാണ്. സിനിമ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിലും ലഹരി ഉപയോഗം വ്യാപകമാണ്. ലഹരി ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടേണ്ടിവരും. ലഹരി ഉപയോഗിക്കുന്നവർ സ്വയം ഉണരണമെന്നും കമീഷണർ പറഞ്ഞു.