Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളിലെ...

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം: പൊലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം: പൊലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം :കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പൊലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോ​ഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർ​ഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. 2022 -23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ അധ്യാപകരുടെ-അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകളാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുത്.

ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തണം. ഇതിനായി എക്‌സൈസ്, പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാൻ അധ്യാപകർ ശ്രദ്ധിക്കണം.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 31നകം എല്ലാ വിദ്യാലയങ്ങളിലും സമിതികൾ യോഗം ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തി. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ സ്‌പെഷ്യൽ ഡ്രൈവ് ആസൂത്രണം ചെയ്യണം. ആവശ്യമായ പിന്തുണ നൽകാൻ പൊലീസ് വകുപ്പിന് നിർദേശം നൽകും.

സ്‌കൂൾ പരിസരങ്ങളിൽ പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തണം. സ്‌കൂളുകളിൽ പ്രദേശിക തലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണം. വീടുകളിൽ സ്വഭാവവ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കൾ അധ്യാപകരെയും, സ്‌കൂളുകളിലെ വിവരങ്ങൾ രക്ഷകർത്താക്കളെയും പരസ്പരം അറിയിക്കുന്നതിനുള്ള സൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണം.

നോ ടു ഡ്രഗ്‌സ് ക്യാമ്പയിൻ രണ്ടാം ഘട്ടം അവസാനിക്കുമ്പോൾത്തന്നെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2023 ജൂൺ 26ന് ആന്റി നാർക്കോട്ടിക് ദിനത്തിൽ വിദ്യാർഥികളുടെ പാർലമെന്റോടെ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. 2024 ജനുവരി 30 ന് അവസാനിപ്പിക്കും വിധം മൂന്നാം ഘട്ടം ആസൂത്രണം ചെയ്യേണ്ടതുണ്ട്.

ഒക്ടോബർ രണ്ടിന് കുട്ടികളുടെ വാസപ്രദേശങ്ങളിൽ ജനങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള സംവാദ സദസ്. നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ നവകേരളം സന്ദേശം എല്ലാ വീട്ടിലും എത്തിക്കൽ. നവംബർ 14 ന് പ്രത്യേക ശിശുദിന അസംബ്ലി. ഡിസംബർ 10ന് മനുഷ്യാവകാശ ദിനത്തിൽ ലഹരിവിരുദ്ധ സെമിനാറും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ കൈവരിച്ച നേട്ടങ്ങളുടെ അവതരണവും.

2024 ജനുവരി 30ന് ക്ലാസ് സഭകൾ നടത്തി ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം ചെയ്യും. വിദ്യാർഥികൾ അവതാരകരായി കുടുംബ യോഗങ്ങളും നടത്തണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ലഹരിവിരുദ്ധ സെമിനാറുകൾ, അവതരണങ്ങൾ, അവധിക്കാലത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം.

ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കണം. എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെ.ആർ.സി, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തണം.

എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കണം. പോസ്റ്ററിൽ ലഹരി ഉപഭോഗം-വിതരണം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചതാണെങ്കിലും ഓഫീസുകളിൽ വേണ്ടത്ര പോസ്റ്ററുകൾ വന്നിട്ടില്ല. രണ്ടാഴ്ചക്കകം എല്ലാ ഓഫീസുകളിലും പോസ്റ്റർ ആകർഷകമായ രീതിയിൽ പതിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർഥങ്ങൾ വിൽപ്പന നടത്തുന്നില്ലെന്നും ലഹരി വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും പ്രദർശിപ്പിക്കുന്ന ബോർഡ് രണ്ടാഴ്ചക്കുള്ളിൽ സ്ഥാപിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനതല ലഹരി വിരുദ്ധ ജനജാഗ്രതാ സമിതികൾ ചുരുങ്ങിയത് മൂന്നു മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. ഈ യോഗങ്ങളിൽ ചുമതലയുള്ള എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, എക്‌സൈസ് കമീഷണർ മഹിപാൽ യാദവ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug use among children
News Summary - Drug use among children: Chief Minister to inform Police or Excise
Next Story