ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ
text_fieldsകോഴിക്കോട്: ഡൽഹിയിൽനിന്നും ബംഗളൂരുവിൽനിന്നും മാരക ലഹരിവസ്തുക്കളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവ വൻതോതിൽ സംസ്ഥാനത്തേക്ക് എത്തിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി നാലുകുടിപറമ്പിൽ റിസ്‍വാനെയാണ് (26) നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്തത്.
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് നവംബർ 28ന് 58 ഗ്രാം എം.ഡി.എം.എ പിടിച്ച സംഭവത്തിൽ അന്വേഷണം നടത്തിവരവേ ബംഗളൂരുവിൽനിന്ന് ഘാന സ്വദേശി വിക്ടർ ഡി. സാബയെയും പാലക്കാടുനിന്ന് കോഴിക്കോട് സ്വദേശികളായ അദിനാനെയും ഇന്ത്യൻ റെയിൽവേ ജീവനക്കാരനായ മുഹമ്മദ് റാഷിദിനെയും അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് വിവരം പുറത്തായതോടെ സംഘത്തിന്റെ സൂത്രധാരനായ റിസ്‍വാൻ മംഗളൂരുവഴി ദുബൈയിലേക്ക് കടക്കുകയായിരുന്നു. പ്രതി രാജ്യംവിട്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഇയാളെ തന്ത്രപൂർവം കേരളത്തിലേക്ക് തിരികെയെത്തിച്ചു.
കരിപ്പൂരിലെത്തിയതോടെ അറസ്റ്റ് ഭയന്ന് ഇയാൾ വീട്ടിൽ പോവാതെ പല ലോഡ്ജുകളിലായി ഒളിവിൽ താമസിക്കുകയായിരുന്നു.നിരവധി സിംകാർഡുകൾ മാറിമാറി ഉപയോഗിച്ച പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയും ഒട്ടനവധി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും അരയിടത്തുപാലത്തിനടുത്തുനിന്നാണ് പിടികൂടിയത്.
അന്വേഷണ സംഘത്തിൽ നടക്കാവ് സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, കിരൺ ശശിധർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, വി.കെ. ജിത്തു, എം.കെ. സജീവൻ, എം. ഗിരീഷ്, ബബിത്ത് കുറുമണ്ണിൽ എന്നിവരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

