കാട്ടായിക്കോണത്ത് ലഹരി സംഘം യുവാക്കളെ ആക്രമിച്ചു
text_fieldsതിരുവനന്തപുരം: കാട്ടായിക്കോണത്ത് ലഹരി സംഘം യുവാക്കളെ ആക്രമിച്ചു. കഞ്ചാവ് വില്പന പൊലീസിലറിയിച്ച വൈരാഗ്യത്തിൽ കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് സംഘം വെട്ടിയത്. സംഭവത്തിലെ പ്രധാന പ്രതികൾ പ്രായപൂർത്തിയാകാത്തവരെന്ന് പൊലീസ്. ആക്രമണത്തിൽ പരിക്കേറ്റ രതീഷ്, രജനീഷ് എന്നിവർ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചക്ക് 2:15 ഓടെ അണ്ടൂർകോണം ക്ഷീര സംഘത്തിൽ പാൽ നൽകി തിരികെ വരികയായിരുന്ന രജനീഷിനെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ഈ സംഘം ശ്രമിച്ചിരുന്നു. എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട രജനീഷ് പോത്തൻകോട് സ്റ്റേഷനിലെത്തി പരാതി നൽകി. മൂന്നര മണിയോടെ ഇവരുടെ പശു ഫാമിൽ എട്ടംഗ സംഘം എത്തി. സംഘത്തിലെ ഒരാളിന്റെ വാളുകൊണ്ടുള്ള വെട്ടിൽ രതീഷിന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. വെട്ട് തടഞ്ഞപ്പോൾ കൈയിലും പരിക്കേറ്റു.
ആക്രമണം തടയാൻ ചെന്ന അനുജൻ രജനീഷിനെയും സംഘത്തിലുണ്ടിയരുന്നവർ മൺവെട്ടിയും കല്ലുകൊണ്ടും ആക്രമിച്ചു. പരിക്കേറ്റ ഇവരെ കന്യാകുളങ്ങര ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എന്നാൽ അക്രമിസംഘം പിന്നീട് മെഡിക്കൽ കോളജിലും എത്തി. പരിക്കേറ്റവരുടെ മുന്നിൽ വെച്ച് നൃത്തം ചെയ്തു ബഹളം ഉണ്ടാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് പോത്തൻകോട് സ്റ്റേഷനിൽ വിവരം അറിയിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. പൊലീസിന് നൽകിയ വിവരം പ്രതികൾക്ക് ചോർന്നുവെന്നും ഉയരുന്ന ആക്ഷേപമുണ്ട്. പ്രതികൾക്കായി അന്വേഷണം നടത്തിയപ്പോഴാണ് ഇവർ 17 വയസുകാരാണെന്ന് മനസിലായത്. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

