കഞ്ചാവിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് തമ്മിൽതല്ലി; ലഹരി സംഘം അറസ്റ്റിൽ
text_fieldsകൊച്ചി: കഞ്ചാവിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് തമ്മിൽതല്ലിയ ലഹരിസംഘം അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ അതുൽദേവ് (27), രാഹുൽ (22), മണ്ണാർക്കാട് സ്വദേശികളായ മുഹമ്മദ് അനസ് (21), അബൂതാഹിർ (21) എന്നിവരാണ് എറണാകുളം സൗത്ത് പൊലീസിന്‍റെ പിടിയിലായത്. 60,000 രൂപക്ക് വാങ്ങിയ കഞ്ചാവിന് ഗുണമേന്മയില്ലെന്ന് പറഞ്ഞ് തിരിച്ചേൽപിക്കുകയും കാറുമായി കടന്നുകളയുകയും സംഘർഷമുണ്ടാക്കുകയും ചെയ്യുകയായിരുന്നു.
തേവര കോന്തുരുത്തിയിൽ യുവാക്കൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ രക്ഷപ്പെടാൻ ശ്രമിച്ച നാലുപേരെയും തടഞ്ഞുനിർത്തി പരിശോധിച്ചതോടെ അതുലിന്‍റെ പക്കൽനിന്ന് 1.02 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടർന്ന് നാലുപേരെയും അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യംചെയ്യലിലാണ് കഞ്ചാവ് കച്ചവടത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പ്രതികളുടെ ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്ന് രണ്ട് കിലോ കഞ്ചാവും കണ്ടെത്തി.
അനസും അബൂതാഹിറും മറ്റൊരു മണ്ണാർക്കാട് സ്വദേശിയും ചേർന്ന് രണ്ടുകിലോ കഞ്ചാവ് അതുലിന്‍റെ ഹരിപ്പാട്ടെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ, ഇതിന് നിലവാരമില്ലെന്ന് പറഞ്ഞ് അതുൽദേവും രാഹുലുംകൂടി ഇത് ഇടപ്പള്ളിയിലെത്തിച്ച് അനസിന് മടക്കികൊടുത്തു. അനസ് കഞ്ചാവ് മറിച്ചുവിൽക്കുന്നതിനായി തിരികെ സ്വീകരിച്ചെങ്കിലും വിൽപന നടന്നില്ല. ഇതോടെ ഇരുകൂട്ടരും എറണാകുളം മേനക ഭാഗത്തുവെച്ച് വാക്കേറ്റമുണ്ടാവുകയും അനസിന്‍റെ കാർ അതുലും രാഹുലും ചേർന്ന് എടുത്തുകൊണ്ട് പോകുകയുമായിരുന്നു.
ഇവരെ അനസും അബൂതാഹിറും പിന്തുടർന്നെത്തുകയും കോന്തുരുത്തി ഭാഗത്തുവെച്ച് അടിപിടിയുണ്ടാകുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസ് വന്നതോടെ ഇരുകൂട്ടരും മുങ്ങാൻ ശ്രമിച്ചു. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. അതുലിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

