മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ഹൈകോടതി ഇടപെടൽ
text_fieldsകൊച്ചി: സംസ്ഥാനത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന മയക്കുമരുന്നു കേസുകളുടെ വിശദാംശങ്ങൾ തേടി ഹൈകോടതി. ഓരോ ജില്ലയിലെയും കോടതികളിലുള്ള കേസുകളുടെ കണക്ക് ഹാജരാക്കാൻ ഹൈകോടതി ഭരണവിഭാഗത്തിന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശം നൽകി. വിചാരണ കോടതികളിൽ നാർക്കോട്ടിക് കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ സ്വമേധയാ എടുത്ത ഹരജിയിലാണ് നിർദേശം.
ഹൈകോടതി നിർദേശപ്രകാരം തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക എൻ.ഡി.പി.എസ് കോടതികൾ സ്ഥാപിക്കാനുള്ള തീരുമാനം സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മഞ്ചേരി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ പുതിയ കോടതികൾ തുടങ്ങുന്നത് സജീവ പരിഗണനയിലാണെന്നും വ്യക്തമാക്കിയിരുന്നു.
ലഹരിമരുന്ന് കേസുകൾ മാത്രം കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന അഞ്ച് പ്രത്യേക കോടതികൾ മൂന്നുമാസത്തിനകം പ്രവർത്തനക്ഷമമാക്കാൻ ഹൈകോടതി മാർച്ചിൽ നിർദേശം നൽകിയിരുന്നു. ഭരണമാറ്റ പശ്ചാത്തലത്തിൽ വിഷയം മന്ത്രിസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സമയം അനുവദിക്കണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

