മയക്കുമരുന്ന് കേസിലെ പാളിച്ച; കൂടുതൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് വാങ്ങാൻ എക്സൈസിന് അനുമതി
text_fieldsതിരുവനന്തപുരം: ചാലക്കുടിയിലെ വ്യാജ മയക്കുമരുന്ന് കേസ് വിവാദമായതോടെ കൂടുതൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് വാങ്ങാൻ എക്സൈസിന് അനുമതി. ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീയെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത് രണ്ടു മാസത്തോളം ജയിലിലടച്ച കേസിലെ വീഴ്ചയിൽ മന്ത്രി എം.ബി. രാജേഷ് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 1200 ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് വാങ്ങാൻ ആറുലക്ഷം രൂപയുടെ ഭരണാനുമതി നൽകി നികുതി വകുപ്പ് ബുധനാഴ്ച ഉത്തരവായത്. ഇ-ടെൻഡർ ക്ഷണിച്ചാണ് കിറ്റ് വാങ്ങുക. 2022-23ൽ 1250 ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് വാങ്ങിയതായും ഇത് ഉപയോഗിച്ച് നിരവധി മയക്കുമരുന്ന് കേസ് കണ്ടെടുത്തതായും ജൂൺ 15ന് എക്സൈസ് കമീഷണർ സർക്കാറിനു നൽകിയ കത്തിൽ പറയുന്നു.
നിലവിൽ ഫലം വരാൻ മാസങ്ങൾ
നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഡ്രഗ്സ് ഡിറ്റക്ഷൻ കിറ്റാണ് പൊലീസും എക്സൈസും കസ്റ്റംസും ഉപയോഗിക്കുന്നത്. ഇതു വിപണിയിൽ വാങ്ങാൻ കിട്ടില്ല. ബംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമാണ് കിറ്റ് നിർമിക്കുന്നത്.
ആറു മാസം മാത്രം കാലാവധിയുള്ള ഈ കിറ്റ് അപൂർവം ചില ജില്ലകൾക്ക് മാത്രമാണ് ലഭിച്ചത്. അതും എപ്പോഴും ലഭ്യവുമല്ല. ഈ കിറ്റ് ഉപയോഗിച്ചാൽ ലഹരിയും അളവും സംബന്ധിച്ച് പ്രാഥമിക വിവരമേ ലഭിക്കൂ. മാത്രമല്ല നിയമസാധുതയുമില്ല. അതിനാൽ രാസപരിശോധന ഫലം മാത്രമാണ് ആശ്രയം. അതിന്റെ ഫലം ലഭിക്കാൻ മാസങ്ങളുടെ താമസം നേരിടുന്നു. ഇതു ചാലക്കുടി പോലുള്ള സംഭവങ്ങൾക്ക് ഇടയാക്കുന്നു. വ്യക്തികൾ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും ഏതു മരുന്നാണ് ഉപയോഗിച്ചതെന്നും കണ്ടെത്താൻ എല്ലാ സ്റ്റേഷനിലും ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിക്കണമെന്ന് ഹൈകോടതി സിംഗ്ൾ ബെഞ്ച് 2019ൽ ഉത്തരവിട്ടിരുന്നു. കോട്ടയം എസ്.പിയായിരുന്ന രാമചന്ദ്രനാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചത്. പിന്നീട് ഡിവിഷൻ ബെഞ്ചും ഈ ഉത്തരവ് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
രണ്ടു മിനിറ്റിനകം ഫലം
ഡ്രഗ് ഡിറ്റക്ഷൻ കിറ്റുണ്ടെങ്കിൽ രണ്ടോ മൂന്നോ മിനിറ്റിനകം ഫലം അറിയാം. ലഹരി വസ്തുക്കൾ പരിശോധിക്കാൻ ആറുതരം രാസ പദാർഥങ്ങൾ ഉണ്ടാകും. കിറ്റിലുള്ള സ്ക്രീനിൽ മയക്കുമരുന്ന് വെച്ച് അതിലേക്ക് രാസപദാർഥം ഒഴിച്ചാൽ ഓരോ ലഹരിക്കും വ്യത്യസ്ത നിറങ്ങൾ തെളിയും. ചില രാസപദാർഥങ്ങൾ ഉപയോഗിച്ച് രണ്ടുതരം മയക്കുമരുന്നു വരെ കണ്ടെത്താനുമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

