ലഹരിക്കേസിൽ പെട്ടാൽ അഞ്ചുവർഷം വിലക്ക്; കർശന നടപടിയുമായി ബീമാപള്ളി മുസ്ലിം ജമാഅത്ത്
text_fieldsതിരുവനന്തപുരം: ലഹരി മരുന്ന് കേസുകളിൽ പിടിയിലാകുന്നവർക്ക് വിലക്കേർപ്പെടുത്തി മാതൃക നടപടിയുമായി ബീമാപള്ളി മുസ്ലിം ജമാഅത്ത്. അഞ്ച് വർഷത്തേക്കാണ് നടപടി. ഇത്തരം കേസുകളിൽ പെടുന്നവരെ ജമാഅത്തിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം, കമ്മിറ്റികളിൽ വരാനുള്ള അവകാശം, ചർച്ചയിലും പൊതുയോഗങ്ങളിലും പങ്കെടുക്കാനുള്ള അവകാശം എന്നിവയിൽനിന്ന് മാറ്റിനിർത്തും. അതേസമയം വിവാഹം, മരണാനന്തര ചടങ്ങുകൾ, ആരാധനകളിൽ പങ്കെടുക്കൽ എന്നിവക്ക് വിലക്കുണ്ടാകില്ല. കുടുംബത്തിന് ഒന്നാകെയല്ല, ആരാണോ കുറ്റം ചെയ്യുന്നത് ആ വ്യക്തിക്ക് മാത്രമാണ് അഞ്ച് വർഷ കാലയളവിൽ വിലക്ക് ബാധകമാകുക. തീരുമാനത്തിന് പിന്നാലെ ഇത്തരം കേസുകളിൽപെട്ട മൂന്ന് പേർക്കെതിരെ ഇതിനോടകം നടപടിയെടുത്തതായും മഹല്ല് ഭാരവാഹികൾ പറയുന്നു. മഹല്ലിന്റെ നോട്ടീസ് ബോർഡിൽ പതിപ്പിച്ചിട്ടുണ്ട്.
മഹല്ലിനെ പൂർണമായും ലഹരി മുക്തമാക്കുകയാണ് ലക്ഷ്യമെന്നും ഇത്തരം വിഷയങ്ങളിൽ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും മഹല്ല് പ്രസിഡന്റ് എ.എൽ. മുഹമ്മദ് ഇസ്മാഈൽ മാധ്യമത്തോട് പറഞ്ഞു. പ്രദേശത്ത് എവിടെ ലഹരി കേസുകൾ പിടിച്ചാലും ‘ബീമാപള്ളി സ്വദേശി’ എന്ന പേരിലാണ് പ്രചാരണമുണ്ടാകുന്നത്. ഈ രീതി ശരിയല്ലെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
23,500 അംഗങ്ങളാണ് ബീമാപള്ളി ജമാഅത്തിന് കീഴിലുള്ളത്. ജമാഅത്തിന് കീഴിൽ 100 അംഗങ്ങളുള്ള സന്നദ്ധ സംഘടനക്ക് രൂപം നൽകാനും എക്സൈസിന്റെ സഹകരണത്തോടെ ഇവർക്ക് പരിശീലനം നൽകാനും ആലോചിക്കുന്നുണ്ട്.