ലഹരി വ്യാപനം: സംസ്ഥാന സർക്കാറിനെതിരെ കത്തോലിക്ക സഭ; സമുദായത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് താമരശ്ശേരി രൂപത
text_fieldsകൊച്ചി/താമരശ്ശേരി: ലഹരി ഉപയോഗവും ഇതേതുടർന്നുള്ള അതിക്രമങ്ങളും നാൾക്കുനാൾ വർധിക്കവേ, ഈ വിഷയത്തിൽ സർക്കാറിനെ കടന്നാക്രമിച്ച് കത്തോലിക്ക സഭ സർക്കുലർ. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ പുറത്തിറക്കിയ കുറിപ്പിലാണ് സർക്കാർ നയങ്ങൾക്കും സമൂഹത്തിലെ ലഹരി വ്യാപനത്തിനുമെതിരെ രൂക്ഷമായ വിമർശനമുള്ളത്.
സർക്കുലർ കത്തോലിക്ക സഭക്കു കീഴിലെ വിവിധ പള്ളികളിൽ ഞായറാഴ്ച വായിച്ചു. മദ്യ ലഹരിവിരുദ്ധ ഞായറാഴ്ചയായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കെ.സി.ബി.സി മദ്യ-ലഹരിവിരുദ്ധ സമിതി ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്മാന്മാരായ ബിഷപ് ആര്. ക്രിസ്തുദാസ്, ബിഷപ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ എന്നിവർ പുറത്തിറക്കിയ സർക്കുലർ വായിച്ചത്.
തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാറുകള്‍ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യവിൽപനയും മദ്യനിര്മാണവുമെന്ന് സർക്കുലറിൽ ആരോപിക്കുന്നു. ബാറിന്റെയും ബിവറേജ് ഔട്ട്ലറ്റുകളുടെയും എണ്ണം വർധിപ്പിച്ചും ഐ.ടി പാര്‍ക്കുകളില്‍ ബാറും പബ്ബും ആരംഭിച്ചും അവസാനമായി പാലക്കാട് എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് ബ്രുവെറിക്ക് അനുമതി നല്‍കിയും നമ്മുടെ നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാനുള്ള അണിയറ ഒരുക്കങ്ങള്‍ നടക്കുന്നു. മറുവശത്ത് പൊതുജനം ശാരീരികമായും മാനസികമായും തകര്‍ന്നുകൊണ്ടിരിക്കുന്നു. ലഹരിക്കെതിരെ ഓരോരുത്തരും എടുക്കേണ്ട നടപടികൾ എണ്ണിപ്പറഞ്ഞാണ് സർക്കുലർ അവസാനിക്കുന്നത്.
വിവിധ വിഷയങ്ങളിൽ രൂക്ഷവിമർശനവുമായി താമരശ്ശേരി രൂപതയുടെ ഇടയലേഖനവും ഞായറാഴ്ച പള്ളികളിൽ വായിച്ചു. ക്രൈസ്തവ സമുദായത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം ഇടയലേഖനത്തിലുണ്ട്. ഏപ്രിൽ അഞ്ചിന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കുന്ന അവകാശപ്രഖ്യാപന റാലിയോടനുബന്ധിച്ചാണ് ഇടയലേഖനം പുറത്തിറക്കിയത്.
സമുദായം അനുഭവിക്കുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പത്തോളം കാര്യങ്ങൾ ഇടയലേഖനത്തിൽ പരാമർശിക്കുന്നു. ക്രൈസ്തവ സമൂഹത്തിന്റെ അതിജീവനത്തിന് സഹായകമായ 284 നിർദേശങ്ങളുണ്ടെന്നു കരുതുന്ന ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിനു പിന്നിൽ സ്ഥാപിത താൽപര്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ഇടയലേഖനത്തിൽ വിമർശനമുണ്ട്. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വിതരണം ചെയ്യാതിരിക്കുന്നതായും വിമർശനമുണ്ട്.
വന്യമൃഗങ്ങളെ ശാസ്ത്രീയമായി നിയന്ത്രിക്കാതെ, കാടിന്റെ ഫലഭൂയിഷ്ഠത നശിപ്പിച്ച് ജനവാസമേഖലകളിലേക്ക് അവയെ ഇറക്കത്തക്കരീതിയിൽ വനം വകുപ്പ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതുമൂലം ദിവസവും എത്രയോ മനുഷ്യജീവനുകൾ പൊലിഞ്ഞു പോകുന്നതായും നാലുപേജുള്ള ഇടയലേഖനം ആശങ്കപ്പെടുന്നു. യഥാസമയം നിയമനങ്ങൾ നടക്കാത്തത് എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമതയെയും പഠന നിലവാരത്തെയും ബാധിക്കുന്ന പ്രശ്നമായി വളർന്നുവരുന്നെന്നും താമരശ്ശേരി രൂപത കുറ്റപ്പെടുത്തുന്നു.
മദ്യം നിരോധിച്ചാൽ മയക്കുമരുന്ന് വ്യാപിക്കുമെന്ന പൊള്ളയായ സർക്കാർ വാദങ്ങളെ തള്ളിക്കളയാൻ പ്രേരിപ്പിക്കുന്നവിധത്തിൽ മദ്യവും മയക്കുമരുന്നും രാസലഹരിയും വ്യാപകമായിക്കൊണ്ടിരിക്കുന്നു. സഭയെക്കുറിച്ചും സമുദായത്തെക്കുറിച്ചും തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിട്ട് സമുദായത്തിന്റെ കെട്ടുറപ്പ് തകർക്കാൻ സംഘടിത ശ്രമം നടക്കുന്നു തുടങ്ങിയ ആശങ്കകളും ഇടയലേഖനം പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

