'മാധ്യമപ്രവർത്തകരും ജനങ്ങളും വിനീത വിധേയരായി നിൽക്കണമെന്ന മാടമ്പി ആക്രോശങ്ങൾ കേരളത്തിൽ വിലപ്പോവില്ല’; രാജീവ് ചന്ദ്രശേഖരനെതിരെ മന്ത്രി ആർ. ബിന്ദു
text_fieldsമാധ്യമ പ്രവർത്തകയോടു കയർത്തു സംസാരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ നടപടിയെ അപലപിച്ച് മന്ത്രി ഡോ. ആർ.ബിന്ദു. മാധ്യമ പ്രവർത്തകരും ജനങ്ങളും വിനീത വിധേയരായി നിൽക്കണമെന്ന മാടമ്പി ആക്രോശങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്ന് സോഷ്യൽമീഡിയയിൽ കുറിച്ചു.
ഗോദി മീഡിയ ആകുകയാണ് കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വഴിയെന്ന് രാജീവ് ചന്ദ്ര ശേഖരൻ ധരിച്ചിരിക്കുന്നതെങ്കിൽ അത് തിരുത്താൻ ഒരു മാധ്യപ്രവർത്തക തന്നെ ഉണ്ടായത് അഭിമാനകരമാണെന്ന് മന്ത്രി കുറിച്ചു. ഗോദി മീഡിയക്ക് വേണ്ടി എതിർ സ്വരങ്ങളെ സംഘ പരിവാർ ദേശവിരുദ്ധമാക്കി മുദ്രകുത്തുകയാണ് പതിവെന്നും മാധ്യമപ്രവർത്തകരെല്ലാം ഹിന്ദുത്വ ദേശീയതയുടെ കുഴലൂത്തുകാരാകണമെന്നാണ് അവരുടെ ആഗ്രഹമെന്നും മന്ത്രി വിമർശിച്ചു.
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ എന്തുകൊണ്ടാണ് ഇന്ത്യ വാലറ്റത്ത് നിൽക്കുന്നതെന്ന് തെളിയിക്കുകയാണ് മുൻ കേന്ദ്രമന്ത്രി ചെയ്തതെന്ന് മന്ത്രി പോസ്റ്റിൽ പറയുന്നു. സത്യത്തോട് പക്ഷം പിടിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ എങ്ങനെ മാധ്യപ്രവർത്തനത്തെ മുന്നോട്ടു കൊണ്ടു പോകാമെന്നാണ് തെളിയിച്ചതെന്ന് കുറിച്ച മന്ത്രി മാധ്യമപ്രവർത്തകയെ അഭിനന്ദിക്കുകയും ചെയ്തു.
ബി.ജെ.പി കൗൺസിലർ തിരുമല അനിലിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച വനിതാ മാധ്യമ പ്രവർത്തകയോടാണ് രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായി സംസാരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പും അനിലിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ബിജെപി അധ്യക്ഷനെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

