സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിക്കുന്നു; നിലയില്ലാകയത്തിൽ നീന്തൽ പരിശീലന സംവിധാനങ്ങൾ
text_fieldsകൊച്ചി: കടുത്ത വേനലിലും സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിക്കുന്നു. പൊതുജനങ്ങൾക്ക് വേണ്ടത്ര അവബോധം ലഭിക്കാത്തതും മുന്നറിയിപ്പുകൾ അവഗണിക്കുന്നതുമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. സ്കൂൾ വിനോദയാത്രക്കിടെ ഇടുക്കി മാങ്കുളത്ത് പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചതാണ് അവസാന സംഭവം.കഴിഞ്ഞവർഷം ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ വെള്ളത്തിൽ വീണുള്ള 960 അപകടങ്ങളാണ് ഫയർഫോഴ്സ് മാത്രം കൈകാര്യം ചെയ്തത്. ഇതിൽ 557പേർ മരിച്ചു. അതിൽ 238 പേരും 30വയസ്സിൽ താഴെ പ്രായമുള്ളവരാണ്.
ഈവർഷം രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് അമ്പതിലേറെപ്പേർ മുങ്ങിമരിച്ചു. വ്യക്തമായ അവബോധം ആർക്കും ഇല്ലെന്നതാണ് ഇത്രയധികം മുങ്ങിമരണങ്ങൾക്ക് കാരണമെന്ന് നീന്തൽ പരിശീലന രംഗത്ത് ആധുനിക സംവിധാനങ്ങൾ പരീക്ഷിച്ച് വിജയിച്ച മൂവാറ്റുപുഴ ഫ്ലോട്ടില സ്വിം എയ്ഡ്സ് മാനുഫാക്ചറൽ ഡയറക്ടർ ഷാജി സെയ്ത് മുഹമ്മദ് പറയുന്നു. നീന്താൻ ശ്രമിച്ച് മുങ്ങിമരിക്കുന്നവരിൽ ഏറെയും നീന്തൽ അറിയാവുന്നവർ തന്നെയാണ്.
പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങിയാണ് അപകടത്തിൽപെടുക. മസിൽ കയറിയും അവശനായും നീന്താൻ പറ്റാതാകും. വെള്ളത്തിൽ മുങ്ങിയാൽ പിന്നെ മൂന്നുമിനിറ്റ് മാത്രമേ ജീവിക്കൂ. സ്വിമ്മിങ് പൂളിലും ചെറിയ കുളങ്ങളിലുമൊക്കെ പഠിച്ചശേഷം നീന്തൽ അറിയാമെന്ന ധാരണയിൽ ജലാശയങ്ങളിൽ ഇറങ്ങി അപകടത്തിൽപെടുന്നവരാണ് വിദ്യാർഥികളിലും യുവാക്കളിലുമേറെയും. ജലാശയങ്ങളിലെ ആഴവും ഒഴുക്കിന്‍റെ സ്വഭാവവും വെള്ളത്തിലിറങ്ങുന്നവർ അറിഞ്ഞിരിക്കണം.
പരിചയമില്ലാത്ത ജലാശയങ്ങളിൽ നീന്തൽ അറിയാവുന്നവർ പോലും കുളിക്കാനും മറ്റും ഇറങ്ങുന്നത് സൂക്ഷിക്കണം. അപകടത്തിൽപ്പെടുന്നവരെ കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നത് കൂടുതൽപേർ അപകടത്തിൽപ്പെടാൻ ഇടവരുത്തുന്നു.മുങ്ങിമരണം നേരിടാൻ പുഴക്ക് ആഴവും ശക്തമായ നീരൊഴുക്കുമുള്ള സ്ഥലങ്ങളിലെ പാലങ്ങൾക്കെല്ലാം ആൾമറ നിർമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു അതോടൊപ്പം വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടാൻ ഇടയുള്ള 96 ഹോട്ട് സ്പോട്ടുകളും കണ്ടെത്തിയിരുന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
സ്കൂൾ വിദ്യാർഥികൾക്ക് പഠനഭാഗമായി നീന്തൽ പരിശീലനം നൽകാനും ആലോചിച്ചിരുന്നു. ഇൻസ്റ്റിറ്റ്യുട്ട് ഫോർ അഡ്വാൻസ്ഡ് ട്രെയ്നിങ് ഇൻ വാട്ടർ റെസ്ക്യൂ (ഐ.എ.ടി.ഡബ്ല്യു.ആർ) എന്നപേരിൽ അഗ്നിശമനസേന ഫോർട്ട്കൊച്ചിയിൽ സ്ഥാപനം നടത്തുന്നുണ്ട്. വെള്ളത്തിലുണ്ടാകുന്ന അപകടം നേരിടാൻ അഗ്നിശമന സേനാംഗങ്ങൾക്ക് പരിശീലനം നൽകാനാണ് ഇത് സ്ഥാപിച്ചത്. പൊതുജനങ്ങൾക്കും ഇവിടെ പരിശീലനം ലഭിക്കും. 21 ദിവസം നീളുന്ന അടിസ്ഥാന കോഴ്സാണ് ആദ്യംനൽകുക. രണ്ടാഴ്ച നീളുന്ന അഡ്വാൻസ്ഡ് കോഴ്സും നൽകുന്നുണ്ട്. ഇതിൽ സ്കൂബ ഡൈവിങ് പരിശീലനവും നൽകും. ശേഷം കടലിൽ നീന്താനും പരിശീലിപ്പിക്കും. സാധാരണക്കാർക്ക് താങ്ങാവുന്ന ഫീസാണ് ഇവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.