കടലുണ്ടിപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
text_fieldsതിരൂരങ്ങാടി: ഉമ്മയോടൊപ്പം കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. ദേശീയപാത താഴേ കോഴിച്ചെനയിലെ പിലാക്കോട്ട് ഇബ്രാഹിമിെൻറ മക്കളായ മുഹമ്മദ് ശിഹാബ് (22), ഫാത്തിമ നസ്റി (14) എന്നിവരാണ് കാച്ചടി തേർക്കയത്ത് മുങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. വീട്ടിൽ വെള്ളമില്ലാത്തത് മൂലം അലക്കാനും കുളിക്കാനുമായാണ് ജമീലയും മക്കളായ മുഹമ്മദ് ശിഹാബ്, ഫാത്തിമ നസ്റി, സഫ എന്നിവരും തേർക്കയം കടവിലെത്തിയത്.
കുളിക്കുന്നതിനിടെ ഒരാൾ കയത്തിൽ വീണപ്പോൾ രക്ഷപ്പെടുത്തുന്നതിനിടെയാണ് മറ്റുള്ളവരും മുങ്ങിതാഴ്ന്നത്. തൊട്ടടുത്തുണ്ടായിരുന്ന മറ്റു സ്ത്രീകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ജമീലയെയും സഫയെയും രക്ഷപ്പെടുത്തിയത്. ഇവർ അറിയിച്ചതനുസരിച്ചാണ് രണ്ടുപേർകൂടി അപകടത്തിൽപ്പെട്ടതായി അറിയുന്നത്. അവരെ പുറത്തെടുത്ത് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വാളക്കുളം കുണ്ടുകുളം ജുമാമസ്ജിദിൽ ഖബറടക്കി. മരിച്ച ശിഹാബ് രണ്ടാംവർഷ പ്രൈവറ്റ് ബിരുദ വിദ്യാർഥിയും കാച്ചടിയിൽ തട്ടുകട നടത്തുന്നയാളുമാണ്. വാളക്കുളം കെ.എച്ച്.എം സ്കൂൾ ഒമ്പതാംതരം വിദ്യാർഥിയാണ് മരിച്ച ഫാത്തിമ നസ്റി. മറ്റു സഹോദരങ്ങൾ: ജമാൽ, റാഷിദ്, ജലീൽ, സാജിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
