പടിയിറങ്ങുന്നു, സർവകലാശാലയിൽ തോറ്റ ജീവിതങ്ങൾ
text_fieldsസി.എല്‍.ആര് ജീവനക്കാര്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍
തേഞ്ഞിപ്പലം: പതിനാറേകാല്‍ രൂപയായിരുന്നു 37 വര്‍ഷം മുമ്പ് കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എല്‍.ആര് (കാഷ്വല്‍ ലേബേഴ്സ്) തൊഴിലാളിയായി കാമ്പസിന് സമീപത്തെ കുഴിക്കാട്ടില്‍ സുലോചന എത്തുന്ന കാലത്ത്. അന്ന് ബസ് യാത്ര മിനിമം ചാർജും ഉച്ചയൂണിനും 50 പൈസ, ചായക്ക് 25 പൈസ, ഒരു കിലോ അരിക്ക് രണ്ട് രൂപ, റേഷന്‍ 10 പൈസ. ചേളാരി പൂതേരിവളപ്പിലെ ചെമ്പായിപ്പടി പരമേശ്വരനും അന്ന് മുണ്ടുമുറുക്കിയുടുക്കുന്ന കാലം. ചെങ്ങോട്ട് കൊട്ടേക്കാട്ട് വേലായുധന് കഴിഞ്ഞകാലം തെളിഞ്ഞ വെള്ളം. എല്ലാം മനസ്സിൽ വ്യക്തം.
ചേലേമ്പ്ര കൊളക്കാട്ടുചാലി മണ്ണാരക്കല്‍ വിജയകുമാറിനും രാധാകൃഷ്ണനും മേലാക്കില് സുലോചനക്കും പഴയകാല ജീവിത്തിന് കാര്യമായ മാറ്റമൊന്നുമില്ല. 37 വര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ സി.എല്‍.ആര് തൊഴിലാളികളായി വന്നവരില്‍ പലരും 60 വയസ്സായി ജോലിയില്‍നിന്ന് ഒഴിവാകുകയാണ്. മറ്റുള്ളവരില്‍ പലര്‍ക്കും ഇനി രണ്ടോ മൂന്നോ വര്‍ഷം മാത്രം. 1968ല്‍ സര്‍വകലാശാല കാമ്പസിനായി സെന്റിന് 60 രൂപക്ക് രണ്ടേക്കറോളം സ്ഥലം വിട്ടുനല്‍കിയതാണ് കുഴിക്കാട്ടില്‍ സുലോചനയുടെ കുടുംബം. സി.എല്‍.ആര്മാരില് പലരുടെയും ഭൂസ്വത്ത് ഇങ്ങനെ സര്‍വകലാശാലക്കായി നല്‍കിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തൊഴിലെടുപ്പിനുശേഷം മടങ്ങുമ്പോള്‍ ഒടുവിലത്തെ ദിവസം വാങ്ങുന്ന വേതനമല്ലാതെ മറ്റൊരു ആനുകൂല്യവുമില്ല ഈകൂട്ടര്‍ക്ക്.
നിയമപോരാട്ടവും അനിശ്ചിതകാല സമരവുമൊന്നും ഇവര്‍ക്ക് തുണയായില്ല. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ അവസരം നല്കിയാല് ഇവര്‍ക്ക് 70 വയസ്സ് വരെ തുടരാം. പക്ഷേ, അതിനും അധികൃതര്‍ക്ക് അനുകൂല നിലപാടില്ലെന്ന് ഇവര്‍ പറയുന്നു. 1986ലാണ് പ്യൂണ്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സി.എല്‍.ആര് ജീവനക്കാരെ ആദ്യമായി നിയമിക്കുന്നത്. തുടക്കത്തില്‍ 3600ലധികം ആളുകള്‍ക്ക് എഴുത്തും വായനയും യോഗ്യത മാനദണ്ഡമായ ജോലിയില്‍ ഇടവേളകളിലൂടെ അവസരം ലഭിച്ചു.
ഇപ്പോള്‍ 200ലധികം സി.എല്‍.ആറുകാരെയുള്ളൂ. പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് 2005ല്‍ വിജ്ഞാപനമിറക്കിയപ്പോള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പട്ട് ഇവര്‍ അപേക്ഷ നല്കി. പരിഗണിക്കാതായപ്പോള്‍ ഹൈകോടതിയെ സമീപിച്ചു. പാര്‍ട്ട്ടൈം സ്വീപ്പര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്കിയപ്പോഴും കാര്യമായ പരിഗണന ലഭിച്ചില്ല. 2017ല്‍ സ്ഥിര നിയമനത്തിന് പട്ടിക തയാറാക്കിയെങ്കിലും കേസും മറ്റും കാരണം നിയമനം നടത്തിയില്ല. നിലവില്‍ തുടരുന്നവര്‍ പഠനവിഭാഗങ്ങളിലും എൻജിനീയറിങ് വിഭാഗത്തിലും പാര്‍ട്ട്ടൈം സ്വീപ്പര്‍ കം പ്യൂണ്‍, സ്വീപ്പര്‍, തോട്ടം തൊഴിലാളികള്‍ എന്നിങ്ങനെയാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 300 രൂപ കൂട്ടി വേതനം 600 രൂപയാക്കി.
പിന്നീട് അഞ്ചുതവണ 15 രൂപ വീതം കൂട്ടിയാണ് വേതനം 675 രൂപയാക്കിയത്. പലരും ഇന്നല്ലെങ്കില്‍ നാളെ ജോലിയില്‍ സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു. 60 വയസ്സ് തികഞ്ഞ് മടങ്ങാനൊരുങ്ങുന്നവരും ചുരുങ്ങിയ വര്‍ഷങ്ങള്‍ മാത്രം തുടരാനാകുന്നവരും കടുത്ത നിരാശയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

