ജയിലുകളിൽ ആകാശത്തുനിന്നും ഒരു കണ്ണ്; വിയ്യൂർ ജയിലിൽ ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയൽ റൺ തുടങ്ങി
text_fieldsവിയ്യൂർ സെൻട്രൽ ജയിലിൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയല്‍ റൺ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: ഇനി ജയിലുകളിൽ നാലു വശത്തുനിന്ന് മാത്രമല്ല, ആകാശത്തുനിന്നും ഒരു കണ്ണുണ്ടായിരിക്കും. വിയ്യൂർ സെൻട്രൽ ജയിലിൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. ജയിലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായാണ് ജയിൽസുരക്ഷക്ക് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്.
ജയിലുകളിലേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ ഉൾപ്പെടെ കഴിഞ്ഞ 10 വർഷത്തിനിടെ വ്യാപകമായിരുന്നു. കുപ്രസിദ്ധ കുറ്റവാളി വരെ ജയിൽചാടിയ സംഭവവുമുണ്ടായി.
ജയിലുകളെക്കുറിച്ച് വരുന്ന എല്ലാ ആശങ്കകളും പരാതികളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അവ പരിഹരിച്ചുകൊണ്ട് സുതാര്യവും കുറ്റമറ്റതുമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദര്‍ശനവും വിയ്യൂർ ജയിലിൽ നടന്നു. 139 ഏക്കര്‍ വിസ്തൃതിയുള്ള വിയ്യൂര്‍ ജയില്‍ കോംപ്ലക്സില്‍ സെന്‍ട്രല്‍ പ്രിസൺ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയില്‍, ജില്ല ജയിൽ, സബ് ജയില്‍ എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ 1700 മുതല്‍ 2000 വരെ തടവുകാരെ പാര്‍പ്പിക്കുന്ന ഈ കോംപ്ലക്സിന്റെ ചില ഭാഗങ്ങളില്‍ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ സംവിധാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നതിലൂടെ ജയില്‍ സുരക്ഷയും അച്ചടക്കവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എ.ഐ അധിഷ്ഠിത സി.സി.ടി.വി വിശകലന സംവിധാനവും പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. സംശയാസ്പദമായ ചലനങ്ങൾ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്കാന് കഴിയുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളും പരിപാടിയിൽ വിശദീകരിച്ചു. ഭാവിയില്‍ സംസ്ഥാനത്തെ മറ്റു ജയിലുകളിലും സമാന സാങ്കേതിക സംവിധാനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.
കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എസ്. സജീവ് എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

