ഡോ. എൻ.ആർ. മാധവമേനോൻ അന്തരിച്ചു
text_fieldsതിരുവനന്തപുരം: പ്രമുഖ നിയമപണ്ഡിതനും ആധുനിക നിയമ വിദ്യാഭ്യാസത്തിൻെറ പിതാവുമായ ഡോ. എൻ.ആർ. മാധവമേനോൻ (84) അന്തരിച് ചു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേശീയ നിയമ സർവ കലാശാലയുടെ സ്ഥാപക ഡയക്ടറായിരുന്നു. പൂജപ്പുര സായിറാം റോഡിലുള്ള ദേവിപ്രിയ എന്ന വീട്ടിലായിരുന്നു താമസം. അസുഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 27നാണ് മാധവ മേനോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊൽക്കത്തയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസ് വൈസ് ചാൻസലർ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡൻറ്, തിരുവനന്തപുരം സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസ് ചെയർമാൻ, ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഡൽഹി സർവകലാശാലയിലും പോണ്ടിച്ചേരി ലോ കോളജിലും അധ്യാപകനായിരുന്നു.
1998 മുതൽ 2003 വരെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസസിൻെറ സ്ഥാപക വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു. നിയമവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പഞ്ചവത്സര എൽ.എൽ.ബി കോഴ്സെന്ന ആശയം മുന്നോട്ടു വെച്ചത് മാധവ മോനോനായിരുന്നു. നിയമരംഗത്തിനു നൽകിയ സംഭാവനകൾക്കുള്ള ആദരമായി 2003 ൽ രാജ്യം മാധവമേനോനെ പത്മശ്രീ നൽകി ആദരിച്ചു.
തിരുവനന്തപുരം വഞ്ചിയൂർ മാധവത്ത് വിലാസം തോപ്പിൽ വീട്ടിൽ രാമകൃഷ്ണ മേനോൻെറയും ഭവാനിയമ്മയുടെയും മകനായ മാധവ മോനോൻ സാമൂഹ്യസേവനരംഗത്തും സജീവമായിരുന്നു. ഭാര്യ രമാദേവിയും മകൻ രമേശുമായിരുന്നു അന്ത്യസമയത്ത് ആശുപത്രിയിൽ സമീപത്തുണ്ടായിരുന്നത്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
